India

മലിനമായ സാഹചര്യത്തിൽ വ്യാജ പേസ്റ്റ് നിർമ്മാണം; പിടിച്ചെടുത്തത് 4,032 കിലോ പേസ്റ്റ്, ഉടമ അറസ്റ്റിൽ

Please complete the required fields.




ഹൈദരാബാദ്: ഹൈദരാബാദിലെ പ്രമുഖ റെസ്റ്റോറന്റുകളിലേക്കും ചില്ലറ വിൽപ്പന ശാലകളിലേക്കും വിതരണം ചെയ്യാനായി സൂക്ഷിച്ചിരുന്ന ടൺകണക്കിന് വ്യാജ ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് പിടികൂടി. ഹൈദരാബാദ് കമ്മീഷണർ ടാസ്‌ക് ഫോഴ്സും ഫുഡ് സേഫ്റ്റി ടീമും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കാട്ടേദനിലെ ‘എസ്.കെ.ആർ ഫുഡ് പ്രോഡക്ട്സ്’ എന്ന സ്ഥാപനത്തിൽ നിന്ന് 4,032 കിലോഗ്രാം വ്യാജ മിശ്രിതം പിടിച്ചെടുത്തത്.

സംഭവവുമായി ബന്ധപ്പെട്ട് സ്ഥാപന ഉടമയായ ഹസൻ അലി രൂപാനിയെ (55) പോലീസ് അറസ്റ്റ് ചെയ്തു. ഗുണനിലവാരമില്ലാത്ത ചേരുവകളും അമിതമായി രാസവസ്തുക്കളും ചേർത്താണ് ഇവിടെ പേസ്റ്റ് നിർമ്മിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. നഗരത്തിലെ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ച് വൻതോതിൽ വിതരണം ലക്ഷ്യമിട്ടായിരുന്നു ഈ തട്ടിപ്പ്.

അത്യന്തം മലിനമായ സാഹചര്യത്തിലാണ് ഈ യൂണിറ്റ് പ്രവർത്തിച്ചിരുന്നതെന്ന് ഉദ്യോഗസ്ഥർ വെളിപ്പെടുത്തി. ഗുണനിലവാരമില്ലാത്ത അസംസ്‌കൃത വസ്തുക്കൾക്ക് പുറമെ അസറ്റിക് ആസിഡ് അടക്കമുള്ള രാസവസ്തുക്കൾ അമിതമായി ചേർത്താണ് പേസ്റ്റ് നിർമ്മിച്ചിരുന്നത്. തറയിൽ കൂട്ടിയിട്ടിരിക്കുന്ന വെളുത്തുള്ളിയുടെയും അഴുക്കുപിടിച്ച യന്ത്രങ്ങളുടെയും ദൃശ്യങ്ങൾ ഹൈദരാബാദ് സിറ്റി പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. റെയ്ഡിൽ 22 ലക്ഷം രൂപ വിലമതിക്കുന്ന സാധനസാമഗ്രികളാണ് അധികൃതർ പിടിച്ചെടുത്തത്. പ്രതിയെ കൂടുതൽ നടപടികൾക്കായി മൈലാർദേവ്പള്ളി പൊലീസിന് കൈമാറി.

Related Articles

Back to top button