ഒന്നാം വട്ടം വച്ചപ്പോള്‍ സംശയമില്ല; രണ്ടാം വട്ടവും വച്ചു: മൂന്നാമതും എത്തിപ്പോള്‍ പിടിവീണു; അടൂരില്‍ മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ കേസില്‍ രണ്ടു പ്രതികള്‍ കൂടി അറസ്റ്റില്‍

അടൂർ: മുക്കുപണ്ടം പണയം വച്ച് ഒന്നര ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ രണ്ടു പേർ കൂടി അറസ്റ്റില്‍.
ചൂരക്കോട് സ്വദേശികളായ വല്ല്യന്റയ്യത്ത് അനന്തു കൃഷ്ണൻ(29), രാജേന്ദ്ര ഭവനില്‍ എം.യദുകൃഷ്ണൻ(36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മണക്കാല ചിറ്റാണിമുക്ക് കൃഷ്ണാലയം വീട്ടില്‍ അരുണ്‍ കൃഷ്ണൻ(29) നേരത്തെ പിടിയിലായിരുന്നു. ചൂരക്കോട് പള്ളിമുക്കില്‍ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യ സ്ഥാപനത്തിലാണ് മുക്കുപണ്ടങ്ങള്‍ പണയം വച്ച് പ്രതികള്‍ പണം തട്ടിയത്.
ജനുവരി ആദ്യ ആഴ്ചയാണ് പ്രതികള്‍ ആദ്യം മുക്കുപണ്ടം പണയം വച്ച് പണം കൈപ്പറ്റുന്നത്. അടുത്ത ദിവസം വീണ്ടും പണയം വച്ച് പണം തട്ടിയെടുത്തു. തുടർന്ന് വീണ്ടും ഇത്തരത്തില്‍ പണയം വെക്കാൻ എത്തിയപ്പോള്‍ ജീവനക്കാർക്ക് സംശയം തോന്നി.സ്വർണം ഉരച്ചു നോക്കിയതില്‍ മുക്കുപണ്ടമാണെന്ന് മനസ്സിലാകുകയായിരുന്നു.വിവരം അരുണിനോട് പറഞ്ഞപ്പോള്‍ അബദ്ധം പറ്റിയതാണെന്നും സ്വർണമാണെന്ന് കരുതിയാണ് മുക്കുപണ്ടം കൊണ്ടുവന്നതെന്നും പറഞ്ഞ് സ്ഥലംവിട്ടു.
തുടർന്ന് ആദ്യം സ്വർണമാണെന്ന് പറഞ്ഞ് അരുണ്‍ വച്ച ആഭരണങ്ങള്‍ പരിശോധിച്ചപ്പോഴാണ് അതും മുക്കുപണ്ടമാണെന്ന് ജീവനക്കാർക്ക് മനസ്സിലായത്. ഇതോടെ പൊലീസില്‍ പരാതി നല്‍കി. അരുണിനെ പിടികൂടിയതിനെ തുടർന്ന് വ്യാപിപ്പിച്ച അന്വേഷണത്തിലാണ് അനന്ദു കുടുങ്ങിയത്. ഒളിവിലായിരുന്ന യദുകൃഷ്ണനെ തിങ്കളാഴ്ച പുലർച്ചയോടെ തൃശ്ശൂർ ഒല്ലൂർ പൊലീസ് സ്റ്റേഷൻ പരിധിയില്‍ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രതികള്‍ അടൂർ, ഏനാത്ത് പ്രദേശങ്ങളിലെ വിവിധ ധനകാര്യ സ്ഥാപങ്ങളില്‍ ഇത്തരത്തില്‍ മുക്കുപണ്ടം പണയം വെച്ചത് സംബന്ധിച്ച് നിർണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.
യഥാർത്ഥമെന്ന് തോന്നിപ്പിക്കുന്ന വിധത്തിലുള്ള ഹാള്‍മാർക് മുദ്ര പതിപ്പിച്ച സ്വർണാഭരണങ്ങളാണ് പ്രതികള്‍ തട്ടിപ്പിന് ഉപയോഗിച്ചതെന്ന് കണ്ടെത്തി. തട്ടിപ്പിന് പിന്നില്‍ വൻ സംഘം പ്രവർത്തിക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവിട്ടതായി ജില്ലാ പൊലീസ് മേധാവി വി. അജിത് അറിയിച്ചു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ഡിവൈ.എസ്‌പി ആർ. ജയരാജിന്റെ മേല്‍നോട്ടത്തില്‍ പൊലീസ് ഇൻസ്പെക്ടർ ആർ. രാജീവ്, എസ്‌ഐ എം. പ്രശാന്ത്, എസ്.സി.പി.ഓമാരായ സൂരജ്, ശ്യാം കുമാർ എന്നിവരടങ്ങുന്ന അന്വേഷണ സംഘത്തിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.





