
താമരശ്ശേരി : നഗരത്തിൽ മൂന്നുസ്ഥാപനങ്ങളിലും കവർച്ചനടത്തിയത് ഒരേസംഘമാണെന്നാണ് പോലീസിന്റെ പ്രാഥമികവിലയിരുത്തൽ. അണ്ടോണ നടുവിൽകണ്ടി ഷമീറിന്റെ ഉടമസ്ഥതയിലുള്ള ലാവണ്യ ഇ പ്ലാസയിൽ പുലർച്ചെ മൂന്നിനും നാലിനുമിടയിലാണ് കവർച്ചനടന്നത്. മുഖംമറച്ച് ഗ്ലൗസ് ധരിച്ചെത്തിയ രണ്ടുപേരാണ് മോഷണം നടത്തിയതെന്ന് സി.സി.ടി.വി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിട്ടുണ്ട്. കെട്ടിടസമുച്ചയത്തിന്റെ താഴത്തെനിലയിലെ ഗോഡൗണിന്റെ ഗേറ്റ് പൊളിച്ച് അകത്തുകടന്ന മോഷ്ടാക്കൾ പാനൽ ബോർഡിലെ ഇലക്ട്രിക് ഫ്യൂസുകൾ ഊരിവെച്ചശേഷം സെർവർ റൂമിൽ കടന്ന് ജനറേറ്റർ ഓഫാക്കുകയും വയറുകൾ വിച്ഛേദിച്ച് സി.സി.ടി.വി. ക്യാമറകൾ തകർക്കുകയും ചെയ്തിട്ടുണ്ട്.
അതിനുശേഷം മുൻവശത്തെ ഗ്ലാസ് തല്ലിത്തകർത്ത് ലാവണ്യയ്ക്ക് അകത്തുകടന്ന മോഷ്ടാക്കൾ ഇലക്ട്രിക്കൽ ഉപകരണ വിപണനകേന്ദ്രത്തിന്റെ അകത്തുണ്ടായിരുന്ന 13,000 രൂപ വിലവരുന്ന ഒരു ടാബ്‌ലറ്റ്, അയ്യായിരംരൂപയോളം വിലവരുന്ന അഞ്ച് ട്രിമ്മറുകൾ, രണ്ടായിരംരൂപ വിലവരുന്ന നാല് ടോർച്ച് എന്നിവ കവർന്നു. തുടർന്ന് കെട്ടിടത്തിനുമുകളിലേക്ക് പോയി വിദ്യാഭ്യാസസ്ഥാപനത്തിനകത്ത് പൂട്ടുപൊളിച്ച് കയറി മടങ്ങിയെത്തി. പിന്നീട് ലാവണ്യ ഇ പ്ലാസയ്ക്ക് തൊട്ടടുത്ത മൈക്രോ ഹെൽത്ത് ലാബോറട്ടറീസിന്റെ ഗ്ലാസ് ഡോറിന്റെ പൂട്ടുതകർത്ത് ഉള്ളിൽക്കയറി. കുറ്റ്യാടി സ്വദേശികളായ സുബൈർ, നൗഷാദ് എന്നിവരുടെ ഉടമസ്ഥതയിലുള്ള മൈക്രോ ലാബിനകത്തുനിന്ന് 62,000 രൂപ, ഓഫീസ് ആവശ്യത്തിന് ഉപയോഗിക്കുന്ന 55,000 രൂപ ആകെ വിലവരുന്ന നാല് മൊബൈൽ ഫോണുകൾ, ചാരിറ്റി ബോക്സിനകത്തെ രണ്ടായിരത്തോളംരൂപ എന്നിവ കവർന്നാണ് മോഷ്ടാക്കൾ മടങ്ങിയത്.
പിന്നീട് പുലർച്ചെ നാലേകാലിനും നാലേമുക്കാലിനും ഇടയിലാണ് ചുങ്കം ടെലിഫോൺ എക്സ്‌ചേഞ്ചിന് എതിർവശത്തെ സെൻട്രിയൽ ബസാർ സൂപ്പർ മാർക്കറ്റിൽ കവർച്ച നടന്നത്. സ്ക്രൂഡ്രൈവർ ഉപയോഗിച്ച് മുൻവശത്തെ ഗ്ലാസ് ഡോർ ഉയർത്തി പൂട്ടുപൊളിച്ചശേഷം മോഷ്ടാക്കൾ അകത്തുകയറുകയായിരുന്നു. അറ്റം വളഞ്ഞനിലയിൽ ഒരു സ്ക്രൂഡ്രൈവർ സൂപ്പർമാർക്കറ്റിന് മുൻവശത്ത് ഉപേക്ഷിച്ചിട്ടുണ്ട്. സൂപ്പർമാർക്കറ്റിനുള്ളിലെ ഓഫീസ് റൂമിലെ ലോക്കർ കുത്തിത്തുറന്ന് ഒന്നരലക്ഷത്തിലധികം രൂപ കവർന്ന രണ്ടുമോഷ്ടാക്കൾ നാലോളം സി.സി.ടി.വി. ക്യാമറകൾ നശിപ്പിക്കുകയുംചെയ്തു. ഇവിടെനിന്ന് ഓഫീസ് ആവശ്യത്തിന് ഉപയോഗിച്ചുവരുന്ന 15,000 രൂപയോളം വിലവരുന്ന ഒരു മൊബൈൽ ഫോണും മോഷ്ടിക്കപ്പെട്ടിട്ടുണ്ട്.





