Thiruvananthapuram

പിണറായി സർക്കാർ മനപ്പൂർവം തമസ്കരിക്കുന്നു: ‘വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണം’ – കെ സുധാകരൻ

Please complete the required fields.




തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ.
ഉമ്മൻചാണ്ടിയുടെ നിശ്ചയദാർഢ്യം കൊണ്ട് മാത്രമാണ് വിഴിഞ്ഞം തുറമുഖ പദ്ധതി യാഥാർത്ഥ്യമായതെന്ന് സുധാകരൻ പറഞ്ഞു. പിണറായി സർക്കാർ മനപ്പൂർവം അത് തമസ്കരിക്കുന്നുവെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.യുഡിഎഫ് നേതാക്കളെ ഇതുമായി ബന്ധപ്പെട്ട പരിപാടികളിൽ നിന്ന് പാടെ ഒഴിവാക്കി അസഹിഷ്ണുത പ്രകടിപ്പിക്കുകയാണെന്നും പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തത് മാന്യതയില്ലാത്ത നടപടി എന്നും കെ സുധാകരൻ വിമർശിച്ചു.

ഉമ്മൻചാണ്ടി സർക്കാർ വിഴിഞ്ഞം തുറമുഖ പദ്ധതിയുമായി മുന്നോട്ട് പോയപ്പോൾ എൽഡിഎഫും സിപിഎമ്മും ഏതു വിധേനയും അതിനെ ഇല്ലാതാക്കാൻ ശ്രമിച്ചവരാണ്. അന്ന് പദ്ധതിയുടെ അന്തകനാകാൻ ശ്രമിച്ച പിണറായി വിജയൻ ഇന്ന് ഇതിന്റെ പിതൃത്വാവകാശം ഏറ്റെടുക്കാൻ നടത്തുന്ന ശ്രമങ്ങൾ അപഹാസ്യമാണെന്ന് സുധാകരൻ പറഞ്ഞു.5000 കോടി രൂപയുടെ പദ്ധതിയിൽ 6000 കോടി രൂപയുടെ അഴിമതി ആരോപിച്ചും ഉമ്മൻ ചാണ്ടിക്കെതിരേ അന്വേഷണ കമ്മീഷനെ വച്ച് വേട്ടയാടിയും കടൽക്കൊള്ളയെന്നു വിശേഷിപ്പിച്ചും പ്രക്ഷോഭങ്ങൾ നടത്തിയും പദ്ധതി ഇല്ലാതാക്കാൻ ശ്രമിച്ചെന്നും കെ.സുധാകരൻ ചൂണ്ടിക്കാട്ടി.

എൽഡിഎഫിന്റെ സമരങ്ങൾ കാരണം പദ്ധതിയുടെ നിർമ്മാണ ചെലവ് പോലും വർധിക്കുന്ന സാഹചര്യമുണ്ടായി. 2019ൽ യാഥാർത്ഥ്യമാകേണ്ട ഈ പദ്ധതിയെ ഇത്രയും വൈകിപ്പിച്ചതിന്റെ ഉത്തരവാദി എൽ.ഡി.എഫും പിണറായി സർക്കാരുമാണെന്ന് സുധാകരൻ പറഞ്ഞു.പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് ഇത്രയും കാലതാമസം വരുത്തിയതിന് പിണറായി വിജയനും സിപിഎമ്മും കേരളീയ സമൂഹത്തോട് മാപ്പുപറയണമെന്ന് സുധാകരൻ ആവശ്യപ്പെട്ടു.ഉമ്മൻചാണ്ടിയുടെ കാലത്ത് കടൽക്കൊള്ളയെന്ന് വിശേഷിപ്പിച്ച പദ്ധതിയെ പിണറായി വിജയൻ ഇന്നിപ്പോൾ തന്റെ ഇച്ഛാശക്തിയെന്ന് വിശേഷിപ്പിക്കുന്ന രാഷ്ട്രീയപാപ്പരത്തം കേരളീയ സമൂഹത്തിന് ബോധ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.കൊച്ചി മെട്രോ,കണ്ണൂർ വിമാനത്താവളം ഉൾപ്പെടെയുള്ള പദ്ധതികൾ യാഥാർത്ഥ്യമായപ്പോഴും യു.ഡി.എഫ് നേതാക്കളെ ഒഴിവാക്കുന്ന പിണറായി സർക്കാരിന്റെ അൽപ്പത്തരം പ്രകടമായെന്നും സുധാകരൻ ഓർമ്മിപ്പിച്ചു.

മത്സ്യത്തൊഴിലാളികൾക്ക് യുഡിഎഫ് സർക്കാർ പ്രഖ്യാപിച്ച പുനരധിവാസ പാക്കേജ് അട്ടിമറിച്ച പിണറായി സർക്കാർ അവരെ തീവ്രവാദികളും രാജ്യദ്രോഹികളുമായി ചിത്രീകരിച്ചു.നാടിന്റെ വികസനത്തോടൊപ്പം ജനങ്ങളുടെ സുരക്ഷയും കണക്കിലെടുത്താണ് ഉമ്മൻചാണ്ടിയും അദ്ദേഹത്തിന്റെ സർക്കാരും പ്രവർത്തിച്ചതെങ്കിൽ അന്താരാഷ്ട്രലോബിയുടെയും വാണിജ്യലോബിയുടെയും ചട്ടുകമായി പിണറായി വിജയനും സിപിഎമ്മും വിഴിഞ്ഞം തുറമുഖത്തിന്റെ കാര്യത്തിൽ പ്രവർത്തിച്ചതെന്നും സുധാകരൻ ആരോപിച്ചു.

Related Articles

Back to top button