കണ്ണൂരിൽ പീഡന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിന്റെ മകന്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു; അഞ്ചുപേർ അറസ്റ്റിൽ

കണ്ണൂർ : പയ്യന്നൂരിൽ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അറസ്റ്റിലായ കോൺഗ്രസ് നേതാവിൻ്റെ മകൻ്റെ ഫിറ്റ്നസ് സെൻ്റർ അടിച്ചു തകർത്തു. സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു .ഇ. കപിൽ (32), എംവി ഷനു (36), അഖിൽ ഭാസ്ക്കർ (29), ഇ.ലിഗിൻ, എൻ.ശ്യാം എന്നിവരാണ് അറസ്റ്റിലായത്.കഴിഞ്ഞ ദിവസമാണ് പയ്യന്നൂരിലെ ഫിറ്റ്നസ് സെന്റർ ഉടമയായ ശരത് നമ്പ്യാർ പീഡന പരാതിയിൽ അറസ്റ്റിലായത്. ഫിസിയോ തെറാപ്പി ചെയ്യാൻ ഫിറ്റ്നസ് സെന്ററിലെത്തിയപ്പോൾ മുറിയിൽ പൂട്ടിയിട്ട് പീഡിപ്പിച്ചെന്നാണ് ഇരുപതുകാരി നൽകിയ പരാതിയിൽ പറയുന്നത്.
കണ്ണൂരിലെ മുതിർന്ന കോൺഗ്രസ് നേതാവ് എം നാരായണൻ കുട്ടിയുടെ മകനാണ് ശരത് നമ്പ്യാർ. പൊലീസ് സ്റ്റേഷനിൽ യുവതി നേരിട്ടെത്തിയാണ് പരാതി നൽകിയത്. പരാതിയുടെ അടിസ്ഥാനത്തിൽ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
ഇതിന് പിന്നാലെയാണ് ആരോഗ്യ വെൽനസ് ക്ലിനിക്ക് ജിം ഒരു സംഘം അടിച്ചു തകർത്തത്. ജിംനേഷ്യത്തിൽ കണ്ണിൽ കണ്ടതെല്ലാം സംഘം തച്ചുടച്ചു. സി.സി ടിവി ക്യാമറകൾ തച്ചുടച്ച ശേഷമായിരുന്നു അക്രമം.





