പേരാമ്പ്ര സംഘർഷത്തിൽ യു.ഡി.എഫ് പ്രവർത്തകന് പരിക്കേറ്റ സംഭവം; ഡോക്ടർമാരും പൊലീസും തമ്മിൽ ഗൂഢാലോചനയെന്ന് മുനീർ

കോഴിക്കോട് : പേരാമ്പ്രയിൽ യു.ഡി.എഫ്. പ്രവർത്തകരെ മർദിച്ച സംഭവത്തിൽ ഡി.ജി.പിക്ക് പരാതി നൽകുമെന്ന് മുസ്ലിം ലീഗ് നേതാവ് എം.കെ. മുനീർ. പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് ദിവസം മർദ്ദനമേറ്റ ലിജാസിന്റെ തോളെല്ല് പൊട്ടിയെന്നും എന്നാൽ ഇത് പരിശോധിച്ച ഡോക്ടർമാർ രാഷ്ട്രീയ താൽപര്യം മുൻനിർത്തി ആരോഗ്യ സംവിധാനത്തെ ദുരുപയോഗം ചെയ്തെന്നും ഇത് ഗുരുതരമായ വിഷയമാണെന്നും എം.കെ. മുനീർ പറഞ്ഞു.
പേരാമ്പ്രയിൽ തിരഞ്ഞെടുപ്പ് ദിവസം യു.ഡി.എഫ്. പ്രവർത്തകരെ എൽ.ഡി.എഫ്. പ്രവർത്തകർ മർദിച്ച സംഭവവുമായി ബന്ധപ്പെട്ട് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നവരുൾപ്പെടെ പോലീസ് അറസ്റ്റ് ചെയ്തുകൊണ്ടുപോയി. ചികിത്സയിലിരിക്കെ അറസ്റ്റിലായ ലിജാസിനെ 18 ദിവസം കഴിഞ്ഞാണ് ജാമ്യത്തിൽ വിട്ടയച്ചത്. ഇതിനു പിന്നാലെ നടത്തിയ പരിശോധനയിൽ ലിജാസിന്റെ തോളെല്ല് പൊട്ടിയതായി കണ്ടെത്തി.
എന്നാൽ, പോലീസ് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ യാതൊരു കുഴപ്പവും ഇല്ലെന്നായിരുന്നു പറഞ്ഞത്, മുനീർ പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളജിൽ എക്സ് റേ നോക്കാൻ അറിയാത്ത ഡോക്ടർമാർ ആണോ ഉള്ളത്? അതോ പൊലീസിന്റേയും എൽഡിഎഫിൻ്റെയും സമ്മർദ്ദത്തിൽ മറച്ചുവെച്ചതോ? ഇതിൽ പൊലീസിനും മനുഷ്യാവകാശ കമ്മീഷനും പരാതി നൽകിയതായും എം.കെ. മുനീർ പറഞ്ഞു. ഡോക്ടർമാരും പോലീസും തമ്മിൽ ഗൂഢാലോചനയുണ്ടായെന്ന് ആരോപിച്ച എം.കെ. മുനീർ, സംഭവത്തിൽ ഡിജിപിക്ക് പരാതി നൽകുമെന്നും കൂട്ടിച്ചേർത്തു.





