
കൂരാച്ചുണ്ട് : കക്കയം മടുക്കാവുങ്കൽക്കടവ് മേഖലയിൽ കാട്ടുതീ പടർന്നതിനെത്തുടർന്ന് കൃഷിഭൂമി കത്തിനശിച്ചു. അനു കിഴക്കുംപുറം, ജോസ് കിഴക്കുംപുറം, റെൻസൻ കിഴക്കുംപുറം, ജോസഫ് പാഴുപ്പള്ളി എന്നിവരുടെ ഭൂമിയിലാണ് തീപിടിച്ചത്. രണ്ടേക്കറോളംവരുന്ന കൃഷിയിടത്തിലെ നാനൂറിലധികം റബ്ബർമരങ്ങളാണ് കത്തിനശിച്ചത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ പച്ചിലകൾകൊണ്ട് തല്ലിക്കെടുത്തിയുംമറ്റും കാട്ടുതീ അണയ്ക്കാൻ ശ്രമിച്ചിരുന്നെങ്കിലും നിയന്ത്രണവിധേയമായിരുന്നില്ല. തീപടരുന്ന മേഖലയ്ക്ക് ചുറ്റുമുള്ള കാടും കരിയിലകളും തീ പടരാൻ സാധ്യതയുള്ളതൊക്കെയും നീക്കംചെയ്തു. പേരാമ്പ്രയിൽനിന്ന് അഗ്നിരക്ഷാസേനയെത്തിയാണ് തീയണച്ചത്.
കാട്ടുതീ തടയുന്നതിന് ഫയർലൈൻ തെളിക്കുന്നത് അടക്കമുള്ള പ്രവൃത്തികൾ നടന്നുകൊണ്ടിരിക്കുകയാണെന്നും തീപ്പിടിത്തം ശ്രദ്ധയിൽപ്പെട്ടാൽ, ജനങ്ങൾ ഉടൻ അടുത്തുള്ള വനംവകുപ്പ് ഓഫീസിൽ വിവരമറിയിക്കണമെന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ സി.വിജിത്ത് പറഞ്ഞു.
വനത്തോടുചേർന്നുള്ള കൃഷിയിടങ്ങളിലെ കരിയിലകൾ ഉൾപ്പെടെ കത്തിക്കുമ്പോൾ വനത്തിലേക്ക് തീ കയറാതിരിക്കാനും അലക്ഷ്യമായി തീപ്പൊരിയിടാതിരിക്കാനും ശ്രദ്ധിക്കണം. തീപ്പിടിത്തമുണ്ടായാൽ വനംവകുപ്പിനെ സഹായിക്കാനും ജനങ്ങൾ സന്നദ്ധത കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.





