India

ജി.എസ്.ടി-യെക്കുറിച്ച് ചോദിച്ച യുവതിയെ കടയിൽ കയറി തല്ലിയെന്ന പരാതി; ബി.ജെ.പി പ്രവർത്തകരുടെ മുൻകൂർ ജാമ്യം തള്ളി

Please complete the required fields.




ചെന്നൈ: തിരുപ്പൂരിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ജി.എസ്.ടി.യെക്കുറിച്ച് ചോദ്യം ഉന്നയിച്ച യുവതിയെ ആക്രമിച്ച കേസിൽ മൂന്ന് ബി.ജെ.പി. പ്രവർത്തകരുടെ മുൻകൂർ ജാമ്യാപേക്ഷ പ്രിൻസിപ്പൽ ജില്ലാ സെഷൻസ് കോടതി തള്ളി. ചിന്നസാമി, ശ്രീനിവാസൻ, രവികുമാർ എന്നിവർ സമർപ്പിച്ച അപേക്ഷയാണ് പ്രിൻസിപ്പൽ ജില്ലാ ജഡ്‌ജി സ്വർണം നടരാജൻ തള്ളിയത്.

ബി.ജെ.പി.യുടെ തിരുപ്പൂർ സ്ഥാനാർഥി എ.പി. മുരുകാനന്ദത്തിനായി ഏപ്രിൽ രണ്ടാംവാരത്തിൽ തിരുപ്പൂർ ആത്തുപ്പാളയത്ത് പ്രചാരണത്തിനിടെയാണ് ചിന്നസാമി ഉൾപ്പെടെ 15 ബി.ജെ.പി. പ്രവർത്തകർ സംഗീത (37) എന്ന യുവതിയെ വാക്കാൽ അധിക്ഷേപിക്കയും കൈയേറ്റം ചെയ്യുകയും ചെയ്തത്. സംഗീതയുടെ പരാതിയിൽ 15-വേലംപാളയം പൊലീസാണ് കേസെടുത്തത്. പ്രചാരണ വാഹനത്തിനിടെ വോട്ടു ചോദിച്ചെത്തിയ ബി.ജെ.പി. പ്രവർത്തകരോട്, സാധാരണക്കാരായ ജനങ്ങൾ ഉപയോഗിക്കുന്ന സാനിറ്ററി നാപ്കിൻപോലുള്ള അത്യാവശ്യ സാധനങ്ങൾക്ക് ജി.എസ്.ടി. ചുമത്തിയതിന്റെ യുക്തി എന്താണെന്ന് സംഗീത ചോദിച്ചതാണ് ബി.ജെ.പി.ക്കാരെ പ്രകോപിപ്പിച്ചതെന്ന് പറയുന്നു.

തുടർന്ന്, സംഗീത നടത്തുന്ന കടയിൽക്കയറി ചീത്തവിളിക്കയും അടിക്കയും ചെയ്തെന്നാണ് യുവതി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നത്. മൊബൈൽഫോണിൽ ചിത്രീകരിച്ച സംഭവത്തിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളിൽ വൈറലായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ എസ്. കനകസഭാപതി ഹാജരായി.

Related Articles

Back to top button