Kozhikode

ആരെയും ആക്ഷേപിച്ച് വളര്‍ന്നുവന്ന ആളല്ല; ആരോപണങ്ങളില്‍ നിയമനടപടി സ്വീകരിക്കും – ഷാഫി പറമ്പില്‍

Please complete the required fields.




പേരാമ്പ്ര: താന്‍ അറിയാത്തതോ ചെയ്യാത്തതോ ആയ കാര്യങ്ങള്‍ തന്റെ പേരില്‍ ആരോപിക്കുന്നതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് വടകര ലോക്‌സഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി ഷാഫി പറമ്പില്‍. വ്യാജ ആരോപണങ്ങളാണ് എല്‍.ഡി.എഫ് ഉന്നയിക്കുന്നത്. അവ മാധ്യമങ്ങള്‍ വഴിയും സാമൂഹിക മാധ്യമങ്ങള്‍ വഴിയും പ്രചരിപ്പിക്കുന്നു. എന്റെ പേജില്‍നിന്ന് എതിര്‍ സ്ഥാനാര്‍ഥിക്കെതിരെ ഞാന്‍ പോസ്റ്റിട്ടു എന്ന് പറയുന്നു. എന്റെ പേജ് ആര്‍ക്കും പരിശോധിക്കാമെന്നും ആക്ഷേപകരമായ ഒരു വാക്ക് എങ്കിലും ഇവര്‍ കണ്ടെത്തി തരട്ടെയെന്നും ഷാഫി പറഞ്ഞു. പേരാമ്പ്ര നിയോജക മണ്ഡലത്തിലെ സ്വീകരണ കേന്ദ്രങ്ങളില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാദാപുരത്ത് പടക്കം പൊട്ടിയതിന്, ഞാന്‍ പറഞ്ഞിട്ട് ഉണ്ടാക്കിയ ബോംബാണ് പൊട്ടിയതെന്ന തരത്തില്‍ പ്രചരണമുണ്ടായി. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയാണ് ഇവരുടെ വ്യാജ പ്രചാരണത്തിന്റെ ഉത്തരവാദി എന്ന് ഞാന്‍ പറഞ്ഞിട്ടില്ല. പാനൂരില്‍ ബോംബ് പൊട്ടി അവരുടെ പ്രവര്‍ത്തകന്‍ ചിന്നിച്ചിതറി. അവരുടെ സ്ഥാനാര്‍ഥിയാണ് ബോംബുണ്ടാക്കാന്‍ പറഞ്ഞതെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ധ്യാന്‍ ശ്രീനിവാസന്റെ കൂടെ ഞാന്‍ നില്‍ക്കുന്ന ചിത്രം മാറ്റി വേറൊരാളുടെ ചിത്രം വെച്ചു. സ്ഥാനാര്‍ഥി പറഞ്ഞിട്ടാണ് അത് ചെയ്തതെന്നും ഞാന്‍ പറഞ്ഞിട്ടില്ല. ഷാഫി പറഞ്ഞു.

ആരെയെങ്കിലും ആക്ഷേപിച്ചുകൊണ്ട് വളര്‍ന്നുവന്ന ആളല്ല ഞാന്‍. ആര്‍ക്കെതിരേയും ഇല്ലാക്കഥകള്‍ പ്രചരിപ്പിച്ചിട്ടില്ല. 22 വര്‍ഷത്തെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ മാന്യതയ്ക്ക് നിരക്കാത്ത ഒന്നും ചെയ്തിട്ടില്ല. ഇനി ചെയ്യുകയുമില്ല. ഇല്ലാക്കഥ പറഞ്ഞ് വിജയിക്കണമെന്ന് ആഗ്രഹമില്ല. ഉള്ളതുതന്നെ ഒരുപാട് പറയാനുണ്ട്.ഒരുതരത്തിലുള്ള വ്യാജ പ്രചരണങ്ങളിലും വടകര മണ്ഡലത്തിലെ ജനങ്ങള്‍ വീഴില്ലെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.

Related Articles

Back to top button