
നാദാപുരം : തൂണേരി മുടവന്തേരിയിൽ പടക്കം പൊട്ടിക്കുന്നതിനിടെ തീപടർന്ന് ജീപ്പ് തകർന്ന സംഭവത്തിൽ പോലീസ് അന്വേഷണം തുടങ്ങി. ജീപ്പിലുണ്ടായിരുന്ന പടക്കങ്ങൾ പൊട്ടിത്തെറിച്ചതിനെത്തുടർന്ന് വൻ പ്രഹരശേഷിയുള്ള സ്ഫോടനമാണ് ജീപ്പിൽ ഉണ്ടായത്. അരലക്ഷത്തിലേറെ രൂപയുടെ വൻ പടക്കശേഖരമാണ് ജീപ്പിലുണ്ടായിരുന്നതെന്നാണ് പോലീസിന് ലഭിച്ച വിവരം.
പ്രദേശവാസികളായ മൂന്നുപേർക്ക് പരിക്കേൽക്കുകയും സ്ഫോടനത്തിൽ ജീപ്പ് തകരുകയും ചെയ്തിരുന്നു. ജീപ്പിന്റെ പല ഭാഗങ്ങളും മീറ്ററുകളോളം ദൂരത്ത് തെറിച്ച നിലയിലായിരുന്നു. ജീപ്പിലുണ്ടായിരുന്നവർ റോഡിലായതുകൊണ്ടാണ് വൻദുരന്തം ഒഴിവായത്. ഉഗ്രശേഷിയിൽ പടക്കങ്ങൾ പൊട്ടിയതോടെ സ്ഥലത്തുണ്ടായിരുന്നവർ ചിതറിയോടി. ഇങ്ങനെ ചിലർക്ക് പരിക്ക് പറ്റിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് എൽ.ഡി.എഫും യു.ഡി.എഫും ആരോപണ പ്രത്യാരോപണവുമായി രംഗത്തെത്തിയിരുന്നു.
ഫൊറൻസിക് വിദഗ്ധ അജിന ചെറുവലത്തിന്റെ നേതൃത്വത്തിൽ ജീപ്പ് പരിശോധിച്ച് അവശിഷ്ടങ്ങൾ ശേഖരിച്ചു. സാംപിളുകൾ ലാബ് പരിശോധനയ്ക്ക് അയച്ചതായി അജിന പറഞ്ഞു. മുടവന്തേരി കുണ്ടിന്റവിട പാറയ്ക്ക് സമീപത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. എ.എസ്.ഐ. അമ്മദ്, ടി.പി. ശ്രീജേഷ്, നിധീഷ് മരുതോങ്കര, പ്രബീഷ് ചന്ദ്രൻ, ഇ. നിധീഷ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.പടക്കം പൊട്ടിക്കുന്നതിനിടെ തീപടർന്ന് ജീപ്പ് തകർന്ന സംഭവം





