Kollam

ആര്‍ക്കോ വേണ്ടി വലിച്ച ലൈൻ മാറ്റാൻ വീട്ടമ്മയ്‌ക്ക് ഷോക്കടിപ്പിക്കുന്ന ബില്ലുമായി കെ.എസ്.ഇ.ബി

Please complete the required fields.




പടിഞ്ഞാറെ കല്ലട : സ്വന്തം പുരയിടത്തിന് മദ്ധ്യത്തിലൂടെ അയല്‍ വീട്ടുകാർക്കായി വലിച്ച വൈദ്യുതി ലൈൻ മാറ്റുന്നതിനുളള്ള ചെലവ് വസ്‌തു ഉടമ തന്നെ വഹിക്കണമെന്ന കെ.എസ്.ഇ.ബിയുടെ വിചിത്ര നിലപാടില്‍ ഷോക്കേറ്റ അവസ്ഥയിലാണ് ഒരു വീട്ടമ്മ.

പടിഞ്ഞാറെ കല്ലട പെരുവേലില്‍ വീട്ടില്‍ അനിലയ്‌ക്കാണ് കുടുംബ ഓഹരിയായി ലഭിച്ച 25 സെന്റില്‍ വീടു നിർമ്മിക്കാൻ പുരയിടത്തിന്റെ മദ്ധ്യഭാഗത്ത് കൂടി പോകുന്ന ലൈൻ മാറ്രാൻ വൈദ്യുതി ബോർഡ് അധികൃതരെ സമീപിച്ചപ്പോള്‍ 1.31ലക്ഷം രൂപയുടെ എസ്‌റ്റിമേറ്റ് ലഭിച്ചത്.

പിതാവിന്റെയും പഞ്ചായത്തിലെ അതിദാരിദ്ര്യ പട്ടികയിലുള്ള പിത‌ൃസഹോദരന്റെയും പേരിലുള്ള ഭൂമിയാണ് അനിലയ്‌ക്ക് ലഭിച്ചത്. 2009ല്‍ ഈ പുരയിടത്തിന്റെ ഒത്ത നടുവിലൂടെ അയല്‍വാസിക്കായി ലൈൻ വലിച്ചു. ലൈൻ വലിക്കുന്നതിനെ ചൊല്ലി ഉടലെടുത്ത തർക്കത്തില്‍ അന്നത്തെ എ.ഡി.എം പുറപ്പെടുവിച്ച ഉത്തരവ് പ്രകാരമാണ് കമ്ബികള്‍ വലിച്ചത്. എന്നാല്‍ എ.ഡി.എം സ്ഥലം സന്ദർശിക്കാതെ കെ.എസ്.ഇ.ബി അധികൃതർ നല്‍കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവിറക്കിയതെന്ന് അനിലയും ബന്ധുക്കളും ആരോപിക്കുന്നു. മാത്രമല്ല വൈദ്യുതി ബോർഡിലെ ഒരു ഉന്നതന്റെ അടുത്ത ബന്ധുവിന് വേണ്ടിയായിരുന്നു ലൈൻ വലിച്ചത്. എ.ഡി.എമ്മിന്റെ ഉത്തരവില്‍ കെ.എസ്.ഇ.ബി ചില കൈകടത്തലുകള്‍ നടത്തിയെന്നും ആക്ഷേപമുണ്ട്. വൻ പൊലീസ് സന്നാഹത്തിലായിരുന്നു ലൈൻ വലിച്ചത്. തുടർന്ന് ഇതേ പുരയിടത്തോട് ചേർന്ന് ഇവരുടെ മറ്റൊരു ബന്ധുവും കാർഷിക ആവശ്യത്തിന് ഇതേ കണക്ഷനില്‍ നിന്നാണ് വൈദ്യുതി എടുത്തത്.

മറ്റൊരാളുടെ ആവശ്യത്തിനായി വലിച്ച ലൈൻ മാറ്റുന്നതിന് ഇത്രയും വലിയ തുക അടയ്‌ക്കാൻ തനിക്ക് മാർഗമില്ലെന്ന് കാണിച്ച്‌ അനില വൈദ്യുതി ബോർഡ് ചെയർമാനുള്‍പ്പടെ അപേക്ഷ നല്‍കി. മാത്രമല്ല അന്ന് മറുഭാഗത്ത് കൂടി 115 മീറ്റർ ദൈർഘ്യത്തില്‍ നിലവിലെ ഒരു പോസ്‌റ്റിന് പുറമെ 2 പോസ്‌റ്റുകള്‍ കൂടി സ്ഥാപിച്ച്‌ ലൈൻ വലിക്കാമെന്നിരിക്കെയാണ് ഏകപക്ഷീയമായി തന്റെ പുരയിടത്തിന് കുറുകെ 33 മീറ്ററില്‍ ലൈൻ വലിച്ചതെന്ന് ചൂണ്ടി കാട്ടി നിയമ നടപടികളിലേക്ക് നീങ്ങുകയാണ് അനില. ഇവർക്ക് പുതുതായി വഴി അനുവദിച്ചു കിട്ടിയ സ്ഥലത്ത് കൂടെ 13 പോസ്‌റ്റുകള്‍ ഉപയോഗിക്കാനും തന്റെ പുരയിടത്തില്‍ കൂടി പോകുന്ന ലൈൻ അഴിച്ചു മാറ്റാനുമാണ് ഇത്രയും തുക ആവശ്യപ്പെടുന്നതെന്ന് പണമടയ്‌ക്കാനുള്ള കെ.എസ്.ഇ.ബി എക്‌സിക്യുട്ടീവ് എൻജിനീയറുടെ കത്തില്‍ പറയുന്നു.തയ്യല്‍ ജോലിയില്‍ നിന്നുള്ള തുച്ഛ വരുമാനമാണ് അനിലയുടെ ജീവിത മാർഗം .

Related Articles

Back to top button