ചികിത്സനല്‍കാതെ അച്ഛൻ ഉള്‍ക്കാട്ടിലേക്ക് കൊണ്ടുപോയ ഗര്‍ഭിണിയെ ആശുപത്രിയിലെത്തിച്ച് അധികൃതര്‍

മറ്റത്തൂർ : ഡോക്ടർ അടിയന്തരചികിത്സ നിർദേശിച്ച ഗർഭിണിയായ ആദിവാസിയുവതിയെ ചികിത്സയ്ക്കനുവദിക്കാതെ പിതാവ് കാട്ടിലേക്കു കൊണ്ടുപോയി.പഞ്ചായത്തു പ്രസിഡൻറ് ഇടപെട്ട് കാട്ടില്‍നിന്ന് കൂട്ടിക്കൊണ്ടുവന്ന് ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിക്കുളങ്ങര ശാസ്താംപൂവം ആദിവാസിക്കോളനിയിലെ നന്ദിനി(22)യ്ക്കാണ് ചികിത്സ നല്‍കിയത്.
നന്ദിനി ഏഴു മാസം ഗർഭിണിയാണ്. ചാലക്കുടി താലൂക്ക് ആശുപത്രിയിലെ ഡോക്ടർമാർ പരിശോധിച്ചപ്പോള്‍ നന്ദിനിക്ക് രക്തക്കുറവ് കണ്ടെത്തി. ഹീമോഗ്ലോബിന്റെ അളവ് ഏഴ് മാത്രമാണെന്നും അടിയന്തരമായി ചികിത്സ വേണമെന്നുമായിരുന്നു നിർദേശം. എന്നാല്‍, പിതാവ് അയ്യപ്പൻ ചികിത്സയ്ക്കനുവദിക്കാതെ രണ്ടുകൈ ഭാഗത്തെ ഉള്‍വനത്തില്‍ കൊണിവെച്ചാംപാറ ഭാഗത്തേക്ക് യുവതിയെ കൊണ്ടുപോയെന്ന് അധികൃതർക്ക് വിവരം ലഭിച്ചു.തുടർന്ന് പഞ്ചായത്തു പ്രസിഡൻറ് അശ്വതി വിബി ഫോറസ്റ്റ് റേഞ്ച് ഓഫീസർക്ക് പരാതി നല്‍കി. ഇതോടെ ഫോറസ്റ്റ് ഉദ്യോഗസ്ഥരും പഞ്ചായത്തധികൃതരും കാട്ടിലെത്തി നന്ദിനിയെ കാട്ടില്‍നിന്ന് കൊണ്ടുവന്ന് ആശുപത്രിയിലാക്കുകയായിരുന്നു. നന്ദിനി ഇപ്പോള്‍ ചാലക്കുടി താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനാകാം അയ്യപ്പൻ കാട്ടിലേക്ക് കുടുംബവുമായി പോയതെന്നും ചികിത്സയുടെ പ്രാധാന്യം മനസ്സിലാകാത്തതാകാം നന്ദിനിയെ കാട്ടിലേക്കു കൊണ്ടുപോകാൻ കാരണമെന്നുമാണ് നാട്ടുകാർ പറയുന്നത്. വാർഡ് അംഗം ചിത്ര സൂരജ്, ഡെപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസർ കെ. അനില്‍കുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ പി.ബി. നീതു, ബിജു ജോർജ്, ജൂനിയർ ഹെല്‍ത്ത് നഴ്സ് സതി വിജയൻ എന്നിവരുടെ സംഘമാണ് നന്ദിനിയെ കാട്ടില്‍നിന്ന് കൊണ്ടുവന്നത്.





