കോഴിക്കോട്: കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ പാർക്ക് ആകാൻ മാനാഞ്ചിറ സ്ക്വയർ ഒരുങ്ങുന്നു. എളമരം കരീം എംപി അനുവദിച്ച 35.89 ലക്ഷം രൂപ ചെലവഴിച്ചാണ് മാനാഞ്ചിറയിൽ വൈഫൈ സൗകര്യം ഒരുക്കുന്നത്. ശനിയാഴ്ച വൈകിട്ട് ഉദ്ഘാടനത്തിനുശേഷം സൗജന്യ വൈഫൈ ലഭ്യമായിത്തുടങ്ങും. 24 മണിക്കൂറും വൈഫൈ ലഭ്യമായിരിക്കും. മാനാഞ്ചിറ സ്ക്വയർ, ലൈബ്രറി, മിഠായിത്തെരുവ് തുടങ്ങുന്ന സ്ഥലം എന്നിവിടങ്ങളിൽ വൈഫൈ ലഭിക്കും. ഒരാൾക്ക് ഒരു ദിവസം ഒരു ജിബി വരെ ഉപയോഗിക്കാം.
മൊബൈൽ, ലാപ്ടോപ്, ടാബ് എന്നിവയെല്ലാം ഉപയോഗിക്കാം. എളമരം കരീം എംപി ഉൾപ്പെടുന്ന ടെലിഫോൺ ഉപദേശക കമ്മിറ്റിയിലാണ് മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നതിനെക്കുറിച്ചു ചർച്ച ഉണ്ടായത്. ആവശ്യമായ ഫണ്ട് അനുവദിക്കാമെന്ന് എംപി സമ്മതിക്കുകയായിരുന്നു. നിരവധിപ്പേർ വൈകുന്നേരങ്ങളിലും മറ്റും സമയം ചെലവഴിക്കാൻ വരുന്ന മാനാഞ്ചിറയിൽ സൗജന്യ വൈഫൈ ഒരുക്കുന്നത് വലിയ സൗകര്യമാകുമെന്നാണ് വിലയിരുത്തൽ.