Kozhikode

പേരാമ്പ്ര എസ്റ്റേറ്റിൽ കടുവ സഫാരി പാർക്ക് ; സർവേ പൂർത്തിയായി

Please complete the required fields.




പേരാമ്പ്ര: പ്ലാന്റേഷൻ കോർപ്പറേഷന്റെ കീഴിലുള്ള പേരാമ്പ്ര എസ്റ്റേറ്റിൽ കടുവസഫാരി പാർക്ക് തുടങ്ങുന്നതിന് ഭൂമി ഏറ്റെടുക്കുന്നതിന് മുന്നോടിയായുള്ള സർവേ പൂർത്തിയായി. 120 ഹെക്ടർ സ്ഥലമാണ് സർവേ നടത്തിയത്. ഫെബ്രുവരി അഞ്ചിന് കോഴിക്കോട് ഫോറസ്റ്റ് മിനിസർവേ അസിസ്റ്റന്റ് ഡയറക്ടർ കെ. ദാമോദരന് റിപ്പോർട്ട് കൈമാറും. പേരാമ്പ്ര എസ്റ്റേറ്റിലെ സി ഡിവിഷനിലെ പത്താം ഏരിയയിൽപ്പെട്ട ഭൂമിയാണ് ഏറ്റെടുക്കുന്നത്. വനമേഖലയോടു ചേർന്നുകിടക്കുന്ന പയ്യാനിക്കോട്ടയ്ക്കടുത്തുള്ള സ്ഥലമാണിത്. രണ്ടുഭാഗം മലബാർ വന്യജീവിസങ്കേതവും ഒരുഭാഗം പ്ലാന്റേഷന്റെ സ്ഥലവും വരുന്നവിധമാണ് കടുവസഫാരി പാർക്കിനായി സ്ഥലം നിർണയിച്ചത്.

പൊതുവേ നിരപ്പായ പ്രദേശമാണിത്. എസ്റ്റേറ്റിന്റെ പ്രവേശനഭാഗത്ത് രണ്ടുഹെക്ടർ സ്ഥലവും പാർക്കിങ്ങിനായി ഏറ്റെടുക്കും. ടിക്കറ്റ് കൗണ്ടറിനുള്ള കെട്ടിടവും ശൗചാലയവും ഈ ഭാഗത്ത് നിർമിക്കും. ഇതിനുപുറമേ പ്രവേശനകവാടംമുതൽ പാർക്കിനുള്ള സ്ഥലംവരെയുള്ള 4.8 കിലോമീറ്റർ റോഡും പത്തുമീറ്റർ വീതിയിൽ സർവേ നടത്തിയിട്ടുണ്ട്. ഭാവിയിൽ നല്ല പാതയൊരുക്കാൻകൂടി ലക്ഷ്യമിട്ടാണിത്. ആദ്യം ഉദ്ദേശിച്ചതിലും കുറച്ച് സ്ഥലം കൂടുതലുണ്ടാകും. വനംവകുപ്പിൽനിന്ന് പ്ലാന്റേഷൻ കോർപ്പറേഷൻ പാട്ടത്തിനെടുത്ത ഭൂമിയിലാണ് പേരാമ്പ്ര എസ്റ്റേറ്റ് പ്രവർത്തിക്കുന്നത്. പാട്ടക്കാലാവധി കഴിഞ്ഞതിനാൽ പുതുക്കാനുള്ള നടപടി പുരോഗമിക്കവേയാണ് കടുവസഫാരി പാർക്കിന് 120 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്. അതിനാൽ വനംവകുപ്പിന് നടപടികൾ എളുപ്പമാണ്.

പ്ലാന്റേഷൻ സ്ഥലത്ത് പാർക്ക് തുടങ്ങാൻ നവംബർ 18-ന് സർക്കാർ ഉത്തരവിറക്കിയിരുന്നു. ഇതിന്റെ തുടർച്ചയായി നവംബർ 25-ന് വനംവകുപ്പുമന്ത്രി എ.കെ. ശശീന്ദ്രന്റെയും കൃഷിമന്ത്രി പി. പ്രസാദിന്റെയും സാന്നിധ്യത്തിൽ കോഴിക്കോട്ടുനടന്ന ഉന്നതതല യോഗത്തിന്റെ തീരുമാനപ്രകാരമാണ് സർവേ നടന്നത്. 15 ദിവസത്തിനുള്ളിൽ സർവേ പൂർത്തീകരിക്കാനായിരുന്നു നിർദേശമെങ്കിലും രണ്ടുമാസത്തോളം വേണ്ടിവന്നു. മലബാർ വന്യജീവിസങ്കേതം അതിർത്തിയായി വരുന്നതിനാൽ അതിന്റെ അതിർത്തിനിർണയം ആദ്യം നടത്തണമെന്ന പ്രശ്നവുമുണ്ടായിരുന്നു. തുടക്കത്തിൽ സർവേയർമാരുടെ എണ്ണവും കുറവായിരുന്നു. ഡിസംബർ ആദ്യമാണ് സർവേ നടപടികൾ തുടങ്ങിയത്. ഹെഡ് സർവേയർ ഒ.എസ്. പ്രദീപ് കുമാർ, സർവേയർമാരായ കെ. മനോജൻ, അരുൺ ഭരത്, വി. മുസ്തഫ, അബ്ദുൾമജീദ്, ബാബു എന്നിവരുടെ നേതൃത്വത്തിലായിരുന്നു സർവേ. എം.കെ. പത്മനാഭൻ, സജു, രജീഷ് എന്നീ ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെയും വാച്ചർമാരുടെയും സഹകരണവുമുണ്ടായി.

Related Articles

Back to top button