മലപ്പുറം : മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന ബസിന് വേദിക്കരികിലെത്താൻ നവകേരള സദസ്സ് നടക്കുന്ന സ്കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ മണ്ഡലത്തിന്റെ നവകേരള സദസ്സ് നടക്കുന്ന തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ മതിലാണ് പൊളിച്ചത്. ഇവിടെ പ്രധാന കവാടത്തിലൂടെ ബസിന് ഉള്ളിലേക്കു കടക്കാൻ സാധിക്കില്ല. ഇതാണ് ബസിനു കടന്നു പോകാൻ പാകത്തിൽ മതിലിന്റെ ഒരു ഭാഗം പൊളിച്ചത്.
മതിൽ പൊളിച്ച ഭാഗത്തുണ്ടായിരുന്ന അഴുക്കുചാൽ പാറപ്പൊടിയിട്ട് മൂടിയിട്ടുണ്ട്. ബസിന് അകത്തേക്കു കടക്കാനാണ് ചാൽ മൂടിയത്. പരിപാടി കഴിഞ്ഞാലുടൻ മതിലിന്റെ പൊളിച്ച ഭാഗം തിരികെ നിർമിച്ചു നൽകുമെന്ന് പരിപാടിയുടെ സംഘാടക സമിതി ചെയർമാനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ യു.സൈനുദ്ദീൻ പറഞ്ഞു.
ബസിനു മാത്രമല്ല, വലിയ ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ആളുകൾക്ക് വേഗത്തിൽ കടന്നുപോകാനും ഈ ഭാഗം ഉപയോഗിക്കും. സർക്കാരിന്റെ വാർഷികാഘോഷ പരിപാടിക്കും മതിൽ പൊളിച്ചിരുന്നു. തുടർന്ന് അതു വേഗത്തിൽ തിരികെ കെട്ടിക്കൊടുത്തിരുന്നുവെന്നും സൈനുദ്ദീൻ പറഞ്ഞു.