സ്ലീപ്പർ കോച്ചിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ഇറക്കിവിട്ടു; കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റം

കോഴിക്കോട്: ജനറൽ കമ്പാർട്ട്മെന്റിലെ കനത്ത തിരക്ക് കാരണം നേത്രാവതി എക്സ്പ്രസിൽ സ്ലീപ്പർ കമ്പാർട്ട്മെന്റിൽ കയറിയ ജനറൽ ടിക്കറ്റുകാരെ ടി.ടി.ആർ ഇറക്കിവിട്ടത് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ വാക്കേറ്റത്തിനിടയാക്കി. ശനിയാഴ്ച വൈകീട്ട് 6.15നാണ് സംഭവം. മുംബൈയിലേക്കുള്ള ദീർഘദൂര ട്രെയിൻ കോഴിക്കോട് എത്തിയപ്പോൾ ജനറൽ ടിക്കറ്റ് എടുത്ത് 100 ലേറെ പേർ കാത്തുനിൽക്കുന്നുണ്ടായിരുന്നു.
എന്നാൽ, ആകെയുള്ള രണ്ടു ജനറൽ കമ്പാർട്ട്മെന്റിലും നിൽക്കാൻപോലും ഇടമില്ലാത്തതിനാൽ യാത്രക്കാർ തൊട്ടടുത്ത സ്ലീപ്പർ കമ്പാർട്ട്മെന്റിൽ കയറി.
പിന്നാലെത്തിയ ടി.ടി.ആർ ടിക്കറ്റ് പരിശോധിച്ച് എല്ലാവരെയും ഇറക്കിവിട്ടു. കൈക്കുഞ്ഞുമായി കയറിയ സ്ത്രീകളെവരെ ഇറക്കിവിട്ടതായി യാത്രക്കാർ പറഞ്ഞു.
ഇത് യാത്രക്കാരും ടി.ടി.ആറും തമ്മിൽ വാക്കേറ്റത്തിനിടയാക്കി. നൂറോളം യാത്രക്കാരെ ഇറക്കിവിട്ടെന്ന് യാത്രക്കാർ പറഞ്ഞു. ഒരു മണിക്കൂറിന് ശേഷം വന്ന ട്രെയിനിലാണ് കണ്ണൂർ വരെയുള്ള യാത്രക്കാർ മടങ്ങിയത്. കാസർകോട് ഭാഗത്തേക്ക് പോകേണ്ടവർ രാത്രി വൈകിയും ട്രെയിൻ കിട്ടാതെ ദുരിതം അനുഭവിക്കുകയാണ്.





