
വടകര : വടകര റെയിൽവേ സ്റ്റേഷനിൽനിന്ന് കക്കൂസ് മാലിന്യം പുറത്തേക്ക് ഒഴുക്കുന്നതായി പരാതി. ഇതേത്തുടർന്ന് നഗരസഭാ ആരോഗ്യവിഭാഗം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. സ്റ്റേഷനിലെ ഓട്ടോബൂത്തിനോട് ചേർന്നുള്ള ഭാഗത്താണ് ശൗചാലയത്തിൽനിന്നുള്ള മാലിന്യം ഒഴുകിയെത്തുന്നത്. ഇവിടെ ദുർഗന്ധമുള്ളതായി പരാതി ലഭിച്ച സാഹചര്യത്തിലാണ് നഗരസഭാവിഭാഗം പരിശോധന നടത്തിയത്.
പരിശോധനയിൽ കക്കൂസ് മാലിന്യം പുറത്തേക്കുവരുന്നതായും കെട്ടികിടക്കുന്നതായും കണ്ടെത്തി. ഒന്നാംനമ്പർ പ്ലാറ്റ്ഫോമിലെ ശൗചാലയത്തിൽനിന്നുള്ള മാലിന്യമാണ് പുറത്തേക്ക് ഒഴുകുന്നത്. ഇതോടെ പ്രശ്നം പരിഹരിക്കുന്നതുവരെ ശൗചാലയം അടച്ചിടാൻ ആരോഗ്യവിഭാഗം റെയിൽവേയോട് ആവശ്യപ്പെട്ടു. തുടർന്ന് പെട്ടെന്ന് പ്രശ്നം പരിഹരിക്കുമെന്ന് റെയിൽവേയും പറഞ്ഞു. റെയിൽവേ ഉടൻതന്നെ സ്ഥലത്ത് അറ്റകുറ്റപ്പണികൾ നടത്തുകയും വെള്ളംകെട്ടിനിന്ന ഭാഗത്ത് മണ്ണിട്ടു മൂടുകയും ചെയ്തിട്ടുണ്ട്. പക്ഷേ, ഇത് ശാശ്വത പരിഹാരമാവില്ല എന്ന പരാതി ഉയരുന്നുണ്ട്.
കൃത്യമായി സെപ്റ്റിക് ടാങ്കിലേക്ക് മാലിന്യം പോകുന്നതിനുള്ള സംവിധാനമില്ലാത്തതോ ടാങ്കുനിറഞ്ഞ് പുറത്തേക്ക് ഒഴുകുന്നതോയാവാം കാരണമെന്നാണ് ആരോഗ്യവിഭാഗം പറയുന്നത്. മാത്രമല്ല, റെയിൽവേയുടെ വിവിധ പ്രവൃത്തികൾ നടത്തുന്ന തൊഴിലാളികൾക്ക് ഉപയോഗിക്കുന്നതിനായി ഇതിനുസമീപത്ത് മറ്റൊരു ശൗചാലയം കൂടിയുണ്ട്. ഇതിൽനിന്നുള്ള മാലിന്യം ഇവിടേക്ക് ഒഴുകിയെത്തുന്നുണ്ടാകുമെന്നും യാത്രക്കാർ ഉൾപ്പെടെയുള്ളവർ പറഞ്ഞു.
നേരത്തേയും റെയിൽവേസ്റ്റേഷനിലെ ശൗചാലയങ്ങളിൽനിന്ന് മാലിന്യം പുറത്തേക്കുവരുന്നത് പരാതിക്ക് ഇടയാക്കിയിരുന്നു. ശൗചാലയങ്ങൾ മാസങ്ങളോളം അടച്ചിടേണ്ട സ്ഥിതിയുണ്ടാകുന്നുണ്ട്. ഇടയ്ക്കിടെ ഉണ്ടാകുന്ന പ്രശ്നം യാത്രക്കാരെയും ബാധിക്കുന്നുണ്ട്. പ്രശ്നം പരിഹരിച്ച് മാലിന്യം കൃത്യമായി സംസ്കരിക്കുന്നതിനുള്ള സംവിധാനമുണ്ടാക്കണമെന്ന ആവശ്യം ഉയരുകയാണ്.





