മുഖ്യമന്ത്രിയുടെ ഉറപ്പും വെറുതെയായി; ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല

കോഴിക്കോട് : മുഖ്യമന്ത്രിയുടെ ഉറപ്പും വെറുതെയായി. ഗവ.മാനസികാരോഗ്യ കേന്ദ്രത്തിലെ വികസന പ്രവർത്തനങ്ങൾ എങ്ങുമെത്തിയില്ല. ഒന്നര മാസം മുൻപ് മാനസികാരോഗ്യ കേന്ദ്രത്തിൽ അന്തേവാസി കൊല്ലപ്പെട്ടതിനെ തുടർന്നാണു തിരക്കിട്ടു നവീകരണ, വികസന പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ വിളിച്ച യോഗത്തിലായിരുന്നു തീരുമാനമെടുത്തത്. എന്നാൽ, ഒരു മാസം കഴിഞ്ഞിട്ടും ഏതാനും ചില താൽക്കാലിക നടപടികളല്ലാതെ മറ്റൊന്നും നടപ്പായിട്ടില്ല. മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലെ പ്രധാന തീരുമാനങ്ങളും അവയുടെ തുടർ നടപടികളും ചുവടെ.
∙ തീരുമാനം: നിലവിലുള്ള ഒഴിവുകളിലേക്ക് ഒരു മാസത്തിനകം നിയമനം നടത്താൻ ആരോഗ്യവകുപ്പിനു നിർദേശം നൽകും
തുടർനടപടി: നടന്നിട്ടില്ല. 20 വാച്ച്മാൻമാരുടെയും 8 കുക്കുകളുടെയും തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു . കോടിതി ഇടപെടലിനെ തുടർന്ന് 4 വാച്ച്മാൻമാരെ നിയമിച്ചു.
∙ തീരുമാനം: അക്രമ സ്വഭാവമുള്ള അന്തേവാസികളെ പരിചരിക്കാൻ പ്രത്യേക സൗകര്യമൊരുക്കുകയും വൈദഗ്ധ്യമുള്ളവരെ നിയമിക്കുകയും ചെയ്യും.
തുടർനടപടി: പ്രത്യേക വൈദഗ്ധ്യം ഉള്ള ആരെയും നിയമിച്ചിട്ടില്ല
∙ തീരുമാനം: ആശുപത്രി വളപ്പിൽ നിരീക്ഷണം നടത്താൻ ഒരേ സമയം 2 പേരെ നിയമിക്കും
തുടർനടപടി: ആരെയും നിയമിച്ചില്ല
∙ തീരുമാനം: സിസിടിവി നിരീക്ഷിക്കാൻ പ്രത്യേക ജീവനക്കാരെ നിയമിക്കും
തുടർനടപടി: ആരെയും നിയമിച്ചിട്ടില്ല
∙ തീരുമാനം: ചുറ്റുമതിലിന്റ ഉയരം 8 അടി ആക്കി ഉയർത്തി Y ആകൃതിയിലുള്ള കമ്പിവേലി സ്ഥാപിക്കും
തുടർനടപടി: ഏതാനും ചില ഭാഗങ്ങളിൽ മതിലിന്റെ ഉയരം കൂട്ടി കമ്പിവേലി സ്ഥാപിച്ചു.
∙ തീരുമാനം: സൂപ്രണ്ട്, ഡപ്യൂട്ടി സൂപ്രണ്ട്, ആർഎംഒ തസ്തികകളിൽ മാനസിക രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക പരിജ്ഞാനമുള്ള ഡോക്ടർമാരെ തന്നെ നിയമിക്കും
തുടർനടപടി: പഴയവർ തന്നെ തുടരുന്നു
∙ തീരുമാനം: 400 കോടി രൂപയുടെ മാസ്റ്റർ പ്ലാനും 100 കോടി രൂപയുടെ ഡിപിആറും അംഗീകരിക്കുന്നതിന്റെ അന്തിമ ഘട്ടത്തിലാണ്. ഡിപിആർ അംഗീകാരത്തിനാവശ്യമായ കാര്യങ്ങൾ വേഗം പൂർത്തിയാക്കാൻ കിറ്റ്കോയ്ക്ക് നിർദേശം നൽകും
തുടർനടപടി: ഡിപിആർ ഇതുവരെ സമർപ്പിച്ചിട്ടില്ല. അന്തിമ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയ പോരായ്മകൾ തിരുത്തി ഉടൻ സമർപ്പിക്കും
∙ തീരുമാനം: മെഡിക്കൽ കോളജുകളിൽ കൂട്ടിരിപ്പിന് മാനസികാരോഗ്യ കേന്ദ്രത്തിലെ ജീവനക്കാർക്കു പകരം സന്നദ്ധ സേവന വൊളന്റിയർമാരുടെ സേവനം പ്രയോജനപ്പെടുത്തും.
തുടർനടപടി: വൊളന്റിയർമാരുടെ സേവനം ലഭ്യമാക്കിയിട്ടില്ല





