Kerala

ഉദ്ഘാടനത്തിനൊരുങ്ങി ചേർത്തല മെഗാ ഫുഡ് പാർക്ക്

Please complete the required fields.




ആലപ്പുഴ: കേരളത്തിന്റെ വ്യവസായ വികസനത്തിന് കൂടുതൽ ഊർജം പകർന്ന് ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപ്പറേഷൻ യാഥാർത്ഥ്യമാക്കിയ മെഗാ ഫുഡ് പാർക്ക് ഉദ്ഘാടനത്തിനൊരുങ്ങുന്നു. സർക്കാരിന്റെ നൂറുദിന കർമ പരിപാടിയുടെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയൻ, കേന്ദ്ര ഭക്ഷ്യ-സംസ്‌ക്കരണ വ്യവസായ വകുപ്പ് മന്ത്രി പശുപതി കുമാർ പരസ് എന്നിവർ സംയുക്തമായി മെഗാഫുഡ് പാർക്ക് ഏപ്രിൽ 11ന് രാവിലെ 10.30ന് ചേർത്തല പള്ളിപ്പുറത്ത് ഉദ്ഘാടനം ചെയ്യും. വ്യവസായ, കയർ, നിയമ മന്ത്രി പി രാജീവ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കാർഷിക മന്ത്രി പി പ്രസാദ് മുഖ്യാതിഥിയാകും. എ.എം ആരിഫ് എം.പി, ദലീമ എം.എൽ.എ, ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി തുടങ്ങി വിവിധ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുക്കും.

ചേർത്തലയിലെ പള്ളിപ്പുറത്തുള്ള കെ.എസ്.ഐ.ഡി.സിയുടെ വ്യവസായ വളർച്ചാ കേന്ദ്രത്തിൽ 84.05 ഏക്കറിൽ 128.49 കോടി രൂപ ചെലവഴിച്ചാണ് മെഗാഫുഡ് പാർക്ക് സ്ഥാപിച്ചത്. പാർക്കിന്റെ ഒന്നാം ഘട്ടമായ 68 ഏക്കർ പൂർണമായും ഉദ്ഘാടനത്തിന് സജ്ജമാണ്. അടിസ്ഥാന വികസന സൗകര്യങ്ങൾ പൂർത്തിയാക്കി പൂർണമായും യൂണിറ്റുകൾക്ക് സ്ഥലം അനുവദിച്ചിട്ടുണ്ട്. 68 ഏക്കറിൽ റോഡ്, വൈദ്യുതി, മഴവെള്ള നിർമാർജന ഓടകൾ, ജലവിതരണ സംവിധാനം, ചുറ്റുമതിൽ, ഗേറ്റ്, സെക്യൂരിറ്റി ക്യാബിൻ മുതലായ അടിസ്ഥാന സൗകര്യങ്ങളും, സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി കോമൺ ഫെസിലിറ്റി സെന്റർ, വെയർ ഹൗസ് ഉൾപ്പെടെയുള്ള പ്രോസസിങ് ഫെസിലിറ്റികളുടെയും നിർമാണവും പൂർത്തിയായിട്ടുണ്ട്.

മെഗാ ഫുഡ് പാർക്കിൽ അടിസ്ഥാന സൗകര്യങ്ങൾക്കും മറ്റു ഫെസിലിറ്റികൾക്കുമുള്ള സ്ഥലം ഒഴികെ ഭക്ഷ്യ സംസ്‌ക്കരണ വ്യവസായ ശാലകൾക്ക് അനുവദിക്കാനുള്ള 55.27 ഏക്കർ സ്ഥലത്തിൽ നിലവിൽ 31 യൂണിറ്റുകൾക്ക് സ്ഥലം അനുവദിക്കുകയും അതിൽ 12 യൂണിറ്റുകൾ പ്രവർത്തനക്ഷമമാകുകയും ചെയ്തിട്ടുണ്ട്. ഈ യൂണിറ്റുകളിൽ ഇതുവരെ 600 പേർക്ക് തൊഴിൽ ലഭ്യമാക്കി. മത്സ്യ ഭക്ഷ്യ സംസ്‌ക്കരണ മേഖലയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് കെ.എസ്.ഐ.ഡി.സി നിർമിച്ചിരിക്കുന്ന നൂതനമായ പാർക്ക് കേരളത്തിലെ ഫുഡ് പ്രൊസസിങ്ങ് മേഖലയിൽ വലിയ മാറ്റം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. പാർക്കിലെ യൂണിറ്റുകൾ പൂർണമായി പ്രവർത്തനക്ഷമമാകുമ്പോൾ 1000 കോടി രൂപയുടെ നിക്ഷേപവും 3000 ത്തോളം തൊഴിലവസരങ്ങളുമാണ് ഉണ്ടാകുക. കേന്ദ്ര ഭക്ഷ്യ സംസ്‌ക്കരണ മന്ത്രാലയത്തിന്റെ സഹായത്തോടെ സ്ഥാപിക്കുന്ന മെഗാഫുഡ് പാർക്കിന്റെ പദ്ധതി അടങ്കൽ തുക 128.49 കോടി രൂപയാണ്. പദ്ധതി തുകയിൽ 50 കോടി രൂപ കേന്ദ്ര സഹായവും 72.49 കോടി രൂപ സംസ്ഥാന സർക്കാരിൽ നിന്നുള്ള വിഹിതവും ആറ് കോടി രൂപ ലോണുമാണ്.

Related Articles

Leave a Reply

Back to top button