
വടകര : വടകരയിൽ നിലവിലുള്ള മത്സ്യമാർക്കറ്റ് പൊളിച്ച് ആധുനിക മത്സ്യമാർക്കറ്റ് നിർമിക്കുന്നതിന് കിഫ്ബിയുടെ സാമ്പത്തികാനുമതി ലഭിച്ച് 20 മാസം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ പൂർത്തീകരിച്ചില്ല. സാമ്പത്തികാനുമതി ലഭിച്ച സമയത്ത് ഉടൻ ടെൻഡർ നടപടികൾ ആരംഭിക്കുമെന്നും ശേഷം ഒരുവർഷംകൊണ്ട് നിർമാണം പൂർത്തീകരിക്കുമെന്നുമായിരുന്നു നഗരസഭാ ചെയർപേഴ്സൺ കെ.പി. ബിന്ദു പറഞ്ഞത്. ഇപ്പോഴും ടെൻഡർ നടപടികളിലേക്ക് കടന്നുവെന്നാണ് നഗരസഭ പറയുന്നത്.
13.30 കോടി രൂപയാണ് കിഫ്‌ബി അനുവദിച്ചത്. 2017-18-ൽ നഗരസഭ ബജറ്റിൽവെച്ച പദ്ധതിയാണ് ആധുനിക മത്സ്യമാർക്കറ്റ്. 2018-ൽ ഡിപിആർ തയ്യാറാക്കാൻ ജിപാക് എന്ന കൺസൽട്ടിങ് കമ്പനിയുമായി കരാറുണ്ടാക്കി. ഇവർ തയ്യാറാക്കിയ ഡിപിആറാണ് കിഫ്ബിയിൽ സമർപ്പിച്ചത്. ഡിപിആറിൽ കിഫ്ബി നിർദേശിച്ച മാറ്റങ്ങളെല്ലാം വരുത്തിയശേഷമാണ് സാമ്പത്തിക അനുമതിയായത്.
നാലുനിലകളിലായി മൊത്തം 34,926.7 ചതുരശ്ര അടി വിസ്തീർണത്തിലാണ് ആധുനിക മത്സ്യമാർക്കറ്റിന്റെ നിർമാണം. ഇപ്പോഴത്തെ മത്സ്യമാർക്കറ്റും സമീപത്തെ ഇറച്ചിമാർക്കറ്റും പൂർണമായും പൊളിക്കും. 40.29 സെന്റ് സ്ഥലമാണ് ഇവിടെ നഗരസഭയ്ക്കുള്ളത്. ബേസ്‌മെന്റിൽ പാർക്കിങ് സൗകര്യം ഏർപ്പെടുത്തും. ഗ്രൗണ്ട് ഫ്ളോറിലാണ് മീൻ, ഇറച്ചി മാർക്കറ്റ്, ഒന്നാംനിലയിൽ പച്ചക്കറിമാർക്കറ്റും സൂപ്പർമാർക്കറ്റും രണ്ടാംനിലയിൽ ചെറുതും വലുതുമായ 20 സ്റ്റാളുകൾ. ലോഡിങ്, അൺലോഡിങ് ഏരിയയിൽ ഒരേസമയം അഞ്ച് ട്രക്കുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യമുണ്ടാകും.
ദിവസം 10,000 ലിറ്റർ മലിനജലം ശുദ്ധീകരിക്കാനുള്ള സംവിധാനവുമുണ്ടാകും. എല്ലാനിലകളിലും ശൗചാലയങ്ങളുണ്ടാകും. ലിഫ്റ്റ് സൗകര്യവുമുണ്ട്. ഭിന്നശേഷിസൗഹൃദമായിരിക്കും മാർക്കറ്റ്.പുതിയ മത്സ്യമാർക്കറ്റിൽനിന്ന് ലഭിക്കുന്ന വരുമാനത്തിന്റെ മൂന്നിലൊന്നുഭാഗവും അഞ്ചുശതമാനം പലിശയും തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥയിലാണ് കിഫ്ബിയുടെ അനുമതിലഭിച്ചത്.
തിരിച്ചടവ് കാലാവധി 12 വർഷമാണ്. ആധുനികരൂപത്തിൽ മത്സ്യമാർക്കറ്റ് വരുന്നതോടെ വരുമാനം വർധിക്കുമെന്ന പ്രതീക്ഷയിലാണ് നഗരസഭ.





