Kerala

ഡോക്ടറെ മർദിച്ച കേസ്; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Please complete the required fields.




എറണാകുളം: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച കേസിലെ രണ്ട്​ പ്രതികളുടെ ജാമ്യം ഹൈകോടതി റദ്ദാക്കി. ജാമ്യം നൽകിയ കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതി ഉത്തരവ്​ ചോദ്യം ചെയ്ത്​ കാർഡിയോളജിസ്റ്റ്​ ഡോ.പി.കെ അശോകൻ നൽകിയ ഹരജിയിലാണ്​ നാലും അഞ്ചും പ്രതികളായ സൽമാനുൾ ഫാരിസ്, ടി മുഹമ്മദ് റഷീദ് എന്നിവരുടെ ജാമ്യം റദ്ദാക്കി ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ്​ ഉത്തരവിട്ടത്​. ഇരുപ്രതികളും ഉടൻ കീഴടങ്ങണമെന്നും എല്ലാ കക്ഷികളെയും കേട്ടശേഷം സെഷൻസ്​ കോടതി ജാമ്യഹരജിയിൽ നിയമപരമായി തീരുമാന​മെടുക്കണമെന്നും ഉത്തരവിൽ പറയുന്നു. പ്രസവത്തിനായി ഫാത്തിമ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്ന സൽമാനുൽ ഫാരിസിന്റെ ഭാര്യയെ ശസ്ത്രക്രിയക്ക്​ വിധേയമാക്കിയിരുന്നു. മരിച്ച നിലയിലാണ്​ കുഞ്ഞിനെ പുറത്തെടുത്തതെന്നും ഇതേതുടർന്ന്​ സൽമാനും ബന്ധുക്കളും ഡോക്ടറെ ആക്രമിച്ചെന്നുമാണ്​ കേസ്​. മാർച്ച് നാലിനാണ് സംഭവമുണ്ടായത്.

പ്രതികളുടെ മുൻകൂർ ജാമ്യഹരജി മാർച്ച് 17ന് അഡീ.സെഷൻസ് കോടതി തള്ളിയതിനെ തുടർന്ന് മാർച്ച് 20ന്​ ഇവർ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ കീഴടങ്ങി. കോടതി അന്നുതന്നെ ജാമ്യം അനുവദിക്കുകയായിരുന്നു. ആരോപണത്തിന്റെ ഗൗരവം പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്നും മുൻകൂർ ജാമ്യം തള്ളിയത്​ കണക്കിലെടുത്തില്ലെന്നും ചൂണ്ടിക്കാട്ടിയാണ്​ ഡോ.അശോകൻ ഹൈകോടതിയെ സമീപിച്ചത്​. കുഞ്ഞുമരിച്ച സംഭവത്തിൽ പിതാവിന്റെ വികാരപ്രകടനമായി സംഭവത്തെ കാണണമെന്ന്​ പ്രതിഭാഗം വാദിച്ചെങ്കിലും ആരോപണത്തിന്റെ ഗൗരവമോ കേസിന്റെ വസ്തുതകളോ പരിഗണിക്കാതെയാണ് ജാമ്യം നൽകിയതെന്ന് വിലയിരുത്തിയ കോടതി ജാമ്യം റദ്ദാക്കുകയായിരുന്നു.

Related Articles

Leave a Reply

Back to top button