Kozhikode

കലക്ടറേറ്റിന്റെ മുഖഛായ മാറ്റുമ്പോഴും മരമുത്തശ്ശിക്കു ചുറ്റും മാലിന്യ കേന്ദ്രം

Please complete the required fields.




കോഴിക്കോട് : വനസംരക്ഷണവും സൗന്ദര്യവൽക്കരണം ലക്ഷ്യം വച്ചു കലക്ടറേറ്റിനു മുൻവശം ലക്ഷങ്ങൾ മുടക്കി മാനവീയം എന്ന പേരിൽ ‘മരമുത്തശ്ശി’യെ സുരക്ഷിതമായി സംരക്ഷിച്ച സ്ഥലം കലക്ടറേറ്റ് പടിക്കലിലെ തട്ടുകടയുടെ മാലിന്യ കേന്ദ്രമായി മാറി. പ്രധാന കവാടത്തിനു സമീപത്തെ ടീ സ്റ്റാളിനു ചുറ്റും കടയിൽ നിന്നു പുറംതള്ളുന്ന മലിനജലവും മറ്റു മാലിന്യവുമാണ്. മോടികൂട്ടി വീണ്ടും ലക്ഷങ്ങളുടെ വികസന പ്രവർത്തനം നടക്കുന്ന കലക്ടറേറ്റിന്റെ മുഖഛായ മാറ്റുമ്പോൾ മരമുത്തശ്ശിക്കു ചുറ്റും മാലിന്യ കേന്ദ്രമായിട്ടും നടപടിയില്ല.

കവാടത്തിനു ഇടതുവശത്തെ നിലവിലുള്ള കൂറ്റൻ ആൽമരം സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് വർഷങ്ങൾക്കു മുൻപ് മരമുത്തശ്ശിക്കു ചുറ്റുമതിലും വേരുകൾ മാറ്റം വരുത്തി ശിൽപമാക്കി മാറ്റിയത്. തുടർന്നു മാനവീയം ശിലാഫലകവും സ്ഥാപിച്ചിരുന്നു. എന്നാൽ ശിൽപത്തിനു സമീപത്തെ മിൽമ ബൂത്ത് തട്ടുകടയായി രൂപം മാറിയപ്പോൾ മരത്തിനു ചുറ്റും മാലിന്യം തള്ളുകയാണ്. തട്ടുകയിലെ‍ ഉപയോഗിച്ച പാത്രങ്ങൾ ഇതിനു ചുറ്റും കഴുകി മലിനപ്പെടുത്തിയ നിലയിലാണ്.

 കലക്ടറേറ്റിലെ റവന്യു വിഭാഗവും ഡി സെക‍്ഷൻ, സംഘടനാ പ്രതിനിധികൾ ഉൾപ്പെട്ട എസ്റ്റേറ്റ് കമ്മിറ്റിയാണ് കലക്ടറേറ്റിലെ ഭക്ഷണ വിതരണം നടത്താനുള്ള കൗണ്ടർ, കന്റീൻ, മിൽമബൂത്ത് എന്നിവക്കുള്ള അനുമതി സ്വകാര്യ വ്യക്തികൾക്ക് ലേലത്തിലൂടെ നൽകുന്നത്. കലക്ടറേറ്റിനു മുന്നിൽ പാർക്ക് നവീകരിച്ചു. കൂടാതെ ലിഫ്റ്റ് സംവിധാനവും ഉടനെ പൂർത്തിയാകും. ഒരു ഭാഗത്ത് നവീകരണം നടക്കുമ്പോൾ മറുഭാഗത്ത് മാലിന്യം കുന്നുകൂടുകയും മരമുത്തശ്ശി ശിൽപം അടുക്കളയിലെ അഴുക്കുവെള്ളത്തിൽ കുതിരുകയുമാണ്.

Related Articles

Leave a Reply

Back to top button