കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ; പൊലീസ് മുന്നറിയിപ്പ്

കോഴിക്കോട്: ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് ലഹരിമാഫിയ സജീവമാകുന്നതായി പൊലീസ് മുന്നറിയിപ്പ്. പുതുതലമുറ രാസലഹരി മരുന്നുകളാണ് വ്യാപകമായി പ്രചരിക്കുന്നത്. കഞ്ചാവോ മദ്യമോ പോലെ ഉപയോഗിച്ചു കഴിഞ്ഞാൽ ഗന്ധമുണ്ടാവില്ല എന്നതാണ് ഇവയുടെ ആകർഷണം. രാസലഹരി ഉപയോഗിച്ചവരെ ഒറ്റനോട്ടത്തിൽ തിരിച്ചറിയാനും കഴിയുകയില്ല. നാഡീവ്യൂഹവും ഞരമ്പുകളും വഴി തലച്ചോറിനെയാണ് ഇവ ബാധിക്കുന്നത്. സ്കൂളുകൾ കേന്ദ്രീകരിച്ച് ലഹരി മരുന്നു വിൽപന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് കഴിഞ്ഞ ദിവസം പിടിയിലായ പുറക്കാട്ടിരി സ്വദേശി നാസർ എന്ന് പൊലീസ് പറഞ്ഞു. ആദ്യം ആൺകുട്ടികളെയാണ് ലഹരി വിൽപനയ്ക്ക് കൂടെക്കൂട്ടുക. പിന്നീട് ഇവരെ ഉപയോഗിച്ച് പെൺകുട്ടികളെക്കൂടി വശത്താക്കുന്നതാണ് രീതി. വിലകൂടിയ എംഡിഎംഎയും വില അൽപം കുറഞ്ഞ മെത്ത്ആംഫെറ്റമിനുമാണ് ഇപ്പോൾ ജില്ലയിൽ കൂടുതലായി വിൽക്കപ്പെടുന്നത്.
ഇവ രണ്ടും തമ്മിൽ തിരിച്ചറിയാൻ കഴിയുന്നില്ലെന്നതാണ് പൊലീസ് നേരിടുന്ന വെല്ലുവിളി. തിരിച്ചറിയണമെങ്കിൽ ലാബിലെത്തിച്ച് രാസപരിശോധന നടത്തണം. ഗ്രാമിന് 3000 രൂപ വിലയുണ്ടായിരുന്ന എംഡിഎംഎ രണ്ടാഴ്ചയായി ഗ്രാമിന് 1500 രൂപയ്ക്കാണ് വിൽക്കുന്നതെന്ന് കഴിഞ്ഞ ദിവസം പന്നിയങ്കരയിൽ പിടിയിലായ ലഹരിക്കടത്തുകാരൻ പൊലീസിനു മൊഴി നൽകിയിട്ടുണ്ട്. വിദ്യാർഥികളെ ലക്ഷ്യം വച്ചാണ് വില കുറച്ചിരിക്കുന്നത്. എംഡിഎംഎയേക്കാൾ വില കുറവാണ് മെത്ത്ആംഫെറ്റമിന്. ജില്ലയിൽ ഇപ്പോൾ മെത്ത്ആംഫെറ്റമിനാണ് കൂടുതൽ എത്തുന്നതെന്നാണ് പൊലീസ് സംശയിക്കുന്നത്. ഒരു ഗ്രാം എംഡിഎംഎ പിടികൂടിയാൽ ലഹരിക്കടത്തുകാരന് ജാമ്യം ലഭിക്കില്ല. വടകരയിലെ പ്രത്യേകകോടതിയിൽ ഹാജരാക്കുകയാണ് ചെയ്യുക. ഇന്ത്യയിലെത്തിയ വിസാ കാലാവധി കഴിഞ്ഞ ചില നൈജീരിയക്കാർ എംഡിഎംഎ ഉണ്ടാക്കുന്നുവെന്നാണ് എക്സൈസിന് ലഭിച്ച വിവരം.





