Kasargod

ജാനകി ടീച്ചർ കൊലക്കേസ് : രണ്ട് പ്രതികൾക്ക് ജീവപര്യന്തം+17 വർഷം തടവ്, പിഴ; ശിക്ഷ വിധിച്ച് കോടതി 

Please complete the required fields.




കാസർകോട്: കാസർകോട് ചീമേനി പുലിയന്നൂരിലെ റിട്ട. അധ്യാപിക ജാനകി വധ കേസിൽ രണ്ട് പ്രതികൾക്ക് ജീവപര്യന്തവും വിവിധ വകുപ്പുകളിലായി 17 വർഷം കഠിന തടവും ശിക്ഷ വിധിച്ച് കോടതി. തടവിന് പുറമെ പ്രതികൾ ഒന്നേകാൽ ലക്ഷം രൂപ പിഴയും ഒടുക്കണം. ഒന്നാം പ്രതി പുലിയന്നൂർ ചീർകുളം പുതിയവീട്ടിൽ വിശാഖ് (27), മൂന്നാം പ്രതി മക്ലികോട് അള്ളറാട് വീട്ടിൽ അരുൺ (30), എന്നിവരെയാണ് കാസർകോട് ജില്ലാ സെഷൻസ് കോടതി ശിക്ഷിച്ചത്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതിയെന്നാണ് കോടതി വിധി. മൂന്ന് പ്രതികളുണ്ടായിരുന്ന കേസിൽ രണ്ടു പ്രതികൾ കുറ്റക്കാരെന്ന് തിങ്കളാഴ്ച കോടതി വിധിച്ചിരുന്നു. രണ്ടാം പ്രതി റിനീഷിനെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു. ജാനകി ടീച്ചര്‍ പഠിപ്പിച്ച വിദ്യാര്‍ത്ഥികളാണ് പ്രതികൾ.

2017 നവംബര്‍ 13 നാണ് പുലിയന്നൂരിലെ റിട്ട അധ്യാപിക പി വി ജാനകി കൊല്ലപ്പെട്ടത്. സംഭവം നടന്ന് നാലര വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വിധി വരുന്നത്. സ്വര്‍ണ്ണവും പണവും അപഹരിക്കാന്‍ മൂന്നംഗ സംഘം കൊല നടത്തുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. മുഖംമൂടി ധരിച്ച് കവര്‍ച്ചക്കെത്തിയ സംഘം ജാനകിയെ കഴുത്തറുത്ത് കൊല്ലുകയും ഭര്‍ത്താവ് കെ. കൃഷ്ണനെ ഗുരുരതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയും ചെയ്തു. 17 പവന്‍ സ്വര്‍ണ്ണവും 92,000 രൂപയും വീട്ടിൽ നിന്നും മോഷ്ടിച്ചു.

അന്വേഷണത്തിനൊടുവിൽ പ്രദേശവാസികളായ റെനീഷ്, അരുണ്‍, വൈശാഖ് എന്നിവരെ പൊലീസ് പിടികൂടി. ഒന്നാം പ്രതി വൈശാഖിന്‍റെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വര്‍ണ്ണം വിൽപ്പന നടത്തിയതിന്റെ ബിൽ ആണ് അന്വേഷണത്തില്‍ വഴിത്തിരിവായത്. അങ്ങനെയാണ് അന്വേഷണ സംഘം പ്രതികളിലേക്ക് എത്തിയത്. കൃഷ്ണന്‍റെ കൈകള്‍ കെട്ടിയിട്ട ട്രാക്ക് സ്യൂട്ടില്‍ നിന്ന് ലഭിച്ച ഡിഎന്‍എ ഫലവും സഹായകരമായി. 2019 ഡിസംബറില്‍ തന്നെ വിചാരണ പൂര്‍ത്തിയായിരുന്നെങ്കിലും ജഡ്ജിമാര്‍ മാറിയതും കൊവിഡ് പ്രതിസന്ധിയും കാരണം വിധി പറയല്‍ വൈകുകയായിരുന്നു.

Related Articles

Leave a Reply

Back to top button