Thiruvananthapuram

ഉമ്മൻചാണ്ടി സർക്കാർ നൽകി, ഒന്നാം പിണറായി സർക്കാർ റദ്ദാക്കി; ഒടുവിൽ സെന്റ് ആൽബർട്ട്സിന് ഭൂമി വിട്ടുനൽകാൻ വീണ്ടും ഉത്തരവ്

Please complete the required fields.




തിരുവനന്തപുരം: പിണറായി സർക്കാരിന്റെ അവസാന മന്ത്രിസഭായോഗത്തിൽ കൊച്ചിയിലെ വിവാദ ഭൂമി കൈമാറ്റത്തിന് അംഗീകാരം. സെന്റ് ആൽബർട്ട്സ് കോളേജ് കൈവശം വെച്ചിരിക്കുന്ന കൊച്ചി നഗരമധ്യത്തിലെ 88 സെന്റ് ഭൂമി പതിച്ചുനൽകാനാണ് സർക്കാർ തീരുമാനമെടുത്തത്. മുൻപ് ഉമ്മൻചാണ്ടി സർക്കാരിന്റെ അവസാനകാലത്ത് ഇതേ ഭൂമി പതിച്ചുനൽകിയത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് എ.കെ. ബാലൻ അധ്യക്ഷനായ മന്ത്രിസഭാ ഉപസമിതി ഈ ഭൂമി കൈമാറ്റം തെറ്റാണെന്ന് കണ്ടെത്തുകയും മുൻ സർക്കാരിന്റെ തീരുമാനം റദ്ദാക്കുകയും ചെയ്തിരുന്നു. എന്നാൽ, സ്വന്തം സമിതിയുടെ കണ്ടെത്തലുകൾ തള്ളിക്കൊണ്ടാണ് പിണറായി സർക്കാർ ഇപ്പോൾ ഭൂമി വിട്ടുനൽകാൻ പുതിയ ഉത്തരവിറക്കിയിരിക്കുന്നത്.

മത, സാമുദായിക സംഘടനകളെ പ്രീണിപ്പെടുത്താൻ വേണ്ടി അടൂർ പ്രകാശ് റവന്യൂ മന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി സർക്കാരിന്റെ അവസാന മന്ത്രിസഭയിലാണ് സെൻ്റ് ആൽബർട്ട് കോളേജ് കൈവശം വെച്ചിരിക്കുന്ന ഭൂമി പതിച്ചു നൽകാൻ ആദ്യ തീരുമാനം എടുത്തത്. ഇത് വലിയ വിവാദമായി. ഒന്നാം പിണറായി സർക്കാർ നിയമിച്ച എകെ ബാലൻ ഉപസമിതിയാണ് ഈ മന്ത്രിസഭ തീരുമാനം തെറ്റാണെന്ന് കണ്ടെത്തിയത്. ഭൂമി കൈമാറ്റത്തിൽ സർക്കാരിനുണ്ടായത് കോടികളുടെ നഷ്‌ടമാണെന്ന് ഉപസമിതി കണ്ടെത്തിയിരുന്നു. അന്ന് ഒന്നാം പിണറായി സർക്കാർ അംഗീകരിച്ച തിരുമാനം തിരുത്തിയാണ് ഇപ്പോഴുള്ള അവസാന മന്ത്രിസഭയിലെ ഉത്തരവ് വന്നിരിക്കുന്നത്.

അതേസമയം, തൃശ്ശൂർ ഒല്ലൂരിൽ ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് കൈവശം വച്ചിരിക്കുന്ന 4 ഏക്കർ ഭൂമിയും പതിച്ചു നൽകി. റവന്യൂ, വനം ഉദ്യോഗസ്ഥരുടെ എതിർപ്പ് മറികടന്നാണ് ഉത്തരവ്. വനഭൂമി ഉൾപ്പെടെയാണ് പതിച്ചു നൽകിയത്. വനഭൂമിയില്ലെന്ന് സർവ്വെ നടത്തി ഉറപ്പ് വരുത്തണമെന്ന വ്യവസ്ഥയിലാണ് കൈമാറ്റം. തൃശ്ശൂർ രൂപതയുടെ കീഴിലാണ് ഡാമിയൻ ഇൻസ്റ്റിറ്റ്യൂട്ട് പ്രവർത്തിക്കുന്നത്.

Related Articles

Back to top button