Kozhikode

വായ്പാ തട്ടിപ്പ്: പ്രതിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി

Please complete the required fields.




താമരശ്ശേരി∙ വ്യാജരേഖ ചമച്ച് കെഎസ്എഫ്ഇയിൽ നിന്ന് വായ്പാ തട്ടിപ്പ് നടത്തിയ കേസിൽ കോടതിയിൽ ഹാജരായി റിമാൻഡിലായ പ്രതിയെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് തുടങ്ങി.  കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് ലക്ഷങ്ങളുടെ വായ്പാ തട്ടിപ്പ് നടത്തിയ സംഘത്തിൽ പെട്ട മലപ്പുറം മൊറയൂർ കറുത്തേടത്ത് കെ.നാദിറി(44)നെ തെളിവെടുപ്പിനായി ഇന്നലെ 3 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ കോടതി വിട്ടു. അന്വേഷണച്ചുമതലയുള്ള എസ്ഐ മാരായ വി.കെ. റസാഖ്, എ.ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിൽ പൊലീസ് കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിലും കട്ടിപ്പാറയിൽ വ്യാജരേഖ ഉപയോഗിച്ച്  ഈടായി നൽകിയ സ്ഥലത്തും കൊണ്ടുപോയി തെളിവെടുപ്പ് നടത്തി.

വ്യാജ രേഖ ഉപയോഗിച്ച് പ്രതി ഈങ്ങപ്പുഴ ബ്രാഞ്ചിൽ നിന്ന് 15 ലക്ഷം രൂപയുടെ ലോൺ എടുത്തതായി വ്യക്തമായിട്ടുണ്ട്. ജില്ലയിൽ മറ്റു ബ്രാഞ്ചുകളിൽ തട്ടിപ്പ് നടത്തിയിട്ടുണ്ടോയെന്നും പരിശോധിച്ചു വരുന്നുണ്ട്. പൊലീസ് അന്വേഷിച്ചു കൊണ്ടിരിക്കെ കഴിഞ്ഞ 5ന് ആണ് പ്രതി നേരിട്ട് കോടതിയിൽ ഹാജരായത്. ഈ കേസിൽ മലപ്പുറം സ്വദേശിയായ മുഖ്യ പ്രതിയെ കൂടി പിടികിട്ടാനുണ്ട്.

കെഎസ്എഫ്ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിലെ വായ്പ തട്ടിപ്പ് കേസിൽ  ബത്തേരി പട്ടരുപടി മാട്ടൻ തൊടുവിൽ ഹാരിസ്(44)നെ പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വില്ലേജ് ഓഫിസിൽ  നിന്ന് ലഭിക്കുന്ന ലൊക്കേഷൻ സ്കെച്ചും സർട്ടിഫിക്കറ്റും മറ്റും വ്യാജമായി നിർമിച്ച് നൽകിയാണ് തട്ടിപ്പ് നടത്തിയത്.  ജില്ലയിലെ വിവിധ ബ്രാഞ്ചുകളിലായി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയിട്ടുണ്ടന്നാണ് പിടിയിലായ പ്രതികളിൽ നിന്നു കിട്ടിയ സൂചന. കെഎസ്എഫ് ഇ ഈങ്ങാപ്പുഴ ബ്രാഞ്ചിൽ നിന്ന് മാത്രം 12 കേസുകളിലായി രണ്ടര കോടിയോളം രൂപയുടെ വായ്പ തട്ടിപ്പ് നാടത്തിയിട്ടുണ്ടെന്നാണ് വിവരം.

Related Articles

Leave a Reply

Back to top button