
കോഴിക്കോട് : എലത്തൂർ ട്രെയിൻ തീവെപ്പ് കേസ് പ്രതി ഷാഖ് സെയ്ഫിയ്ക്ക് കേരളത്തിൽ സഹായി ഉണ്ടായിരുന്നെന്ന് പൊലീസ്. തീവയ്പ്പിന് ശേഷം അപായ ചങ്ങല വലിച്ചത് സഹായിയാണെന്നാണ് പൊലീസിൻ്റെ സംശയം. കണ്ണൂരിൽ നിന്ന് രക്ഷപെടാൻ ഷാറൂഖിന് സഹായം കിട്ടി.
തീവയ്പ്പുണ്ടായ ട്രെയിനിൽ തന്നെ സഹായിയും ഉണ്ടായിരുന്നു എന്നും പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. എലത്തൂർ ട്രെയിൻ ആക്രമണക്കേസിലെ അന്വേഷണം ഷൊർണൂർ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പ്രാദേശിക സഹായം ലഭിച്ചോ എന്നറിയാനാണ് അന്വേഷണം.
ഷൊർണൂരിൽ എത്തിയ ദിവസം പ്രതി വിളിച്ച ഫോൺ കോളുകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഫോണുകൾ പലതും സ്വിച്ച്ഡ് ഓഫ് ആണ്. പ്രതി വന്ന ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ ആർപിഎഫ് പൊലീസിന് കൈമാറി.
പ്രതി ഷാരൂഖ് ഷൊർണൂരിൽ എത്തിയത് പുലർച്ചെ നാല് മണിയോടെയാണ്. ഇയാളെ ഓട്ടോ ഡ്രൈവർ തിരിച്ചറിഞ്ഞു. പൊലീസിനെ വിവരമറിയിച്ചത് ഓട്ടോ ഡ്രൈവറുടെ സുഹൃത്ത്. പ്രതി കാനിലാണ് പെട്രോൾ വാങ്ങിയത്. ഇത് കുപ്പിയിൽ ആക്കിയത് എവിടെ നിന്നാണെന്ന് അന്വേഷിക്കുന്നുണ്ട്.
ഷൊർണൂരിലെ ഒരു കോളനിയിൽ പ്രതി എത്തിയിരുന്നതായി വിവരം ലഭിച്ചതിനെ തുടർന്ന് കോളനിയിൽ എത്തി അന്വേഷണ സംഘം വിവരങ്ങൾ ശേഖരിച്ചു. ഷാറൂഖ് സെയ്ഫിയെ ഇന്ന് തെളിവെടുപ്പിന് കൊണ്ടുപോകാനാണ് സാധ്യത. ആരോഗ്യപ്രശ്നങ്ങൾ ഉന്നയിച്ച ഷാറൂഖിനെ ഇന്ന് വിശദമായ വൈദ്യപരിശോധനക്ക് കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തിക്കും.
തുടർന്ന് ഡോക്ടർമാരുടെ മെഡിക്കൽ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ. ആക്രമണം നടത്തിയത് ഒറ്റക്കാണെന്നും മറ്റാർക്കും ബന്ധമില്ലെന്നും ആവർത്തിക്കുകയാണ് പ്രതി. ആക്രമണത്തിനിടെ മൂന്നുപേർ മരിക്കാനിടയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്നും താൻ ആരെയും തള്ളിയിട്ടില്ലെന്നും ഷാറൂഖ് മൊഴി നൽകി.
കേസ് തീവ്രവാദ സ്വഭാവമുള്ളതെന്നാണ് എൻഐഎയുടെ പ്രാഥമിക റിപ്പോർട്ട്. ആസൂത്രിത ആക്രമണമാണ് ഉണ്ടായതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ സംശയം. കേസിന്റെ അന്തർ സംസ്ഥാന ബന്ധത്തിൽ സമഗ്രാന്വേഷണം വേണമെന്നാണ് എൻഐഎ ആവശ്യം. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് എൻഐഎ സംഘം റിപ്പോർട്ട് കൈമാറി.





