ErnakulamTop News

’25 ലക്ഷം കൈമാറിയത് സുധാകരന്‍റെ സാന്നിധ്യത്തില്‍’; കെ സുധാകരന്‍ മോന്‍സന്‍റെ തട്ടിപ്പിന് സഹായിച്ചെന്ന് പരാതി

Please complete the required fields.




കൊച്ചി: പുരാവസ്തുക്കളുടെ മറവിൽ കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ മോൻസൻ മാവുങ്കലിനെ കെ സുധാകരന്‍ സഹായിച്ചെന്ന് പരാതി. സുധാകരൻ എംപി നേരിട്ട് ഇടപെട്ടുവെന്നാണ് പരാതിക്കാരനായ അനൂപ് പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ചിരിക്കുന്ന തന്‍റെ രണ്ട് ലക്ഷത്തി അറുപതിനായിരം കോടി രൂപ വിട്ടുകിട്ടാൻ സുധാകരന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് പണം നിക്ഷേപിച്ചവരെ മോന്‍സന്‍ അറിയിച്ചു.

എന്നാല്‍ നിക്ഷേപകര്‍ ഇത് വിശ്വസിക്കാഞ്ഞതോടെ സുധാകരനുമായി നേരിട്ട് കൂടിക്കാഴച്ച മോന്‍സന്‍ ഒരുക്കി. 2018 നവംബര്‍ 22 ന് സുധാകരന്‍റെ സാന്നിധ്യത്തില്‍ മോന്‍സന്‍റെ കലൂരിലെ വീട്ടില്‍ കൂടിക്കാഴ്ച നടന്നെന്നാണ് പരാതിക്കാര്‍ ക്രൈംബ്രാഞ്ചിന് നല്‍കിയ പരാതിയില്‍ പറയുന്നത്. ഫെമ പ്രകാരം തടഞ്ഞുവെച്ച പണം വിട്ടുകിട്ടാൻ പാർലമെന്‍റ് അക്കൗണ്ട്‍സ് കമ്മിറ്റിയെ ഇടപെടുത്താം. ദില്ലിയിലെ വിഷയങ്ങൾ പരിഹരിക്കാമെന്ന് സുധാകരൻ വാഗ്ദാനം നൽകിയെന്നും പരാതിക്കാരനായ അനൂപ് പറഞ്ഞു. പണം വിട്ടുകിടുന്നതിനുള്ള  ഇടപാടിനായി 25 ലക്ഷം രൂപ സുധാകരന്‍റെ സാന്നിധ്യത്തില്‍ കൈമാറിയെന്നാണ് പരാതിക്കാര്‍ പറയുന്നത്.  

ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായും മോന്‍സന് അടുത്ത ബന്ധങ്ങളുണ്ട്. ഈ അടുപ്പമാണ് കോടികളുടെ സാമ്പത്തിക തട്ടിപ്പിന് മോൻസൻ മറയാക്കിയത്. ഉന്നത ബന്ധങ്ങള്‍ തനിക്കെതിരായ കേസ് അട്ടിമറിക്കാനും പ്രതി ഉപയോഗിച്ചു. മോൻസൻ മാവുങ്കലിനെതിരെ ബിസിനസ് ഗ്രൂപ്പ് നൽകിയ ആറ് കോടിയുടെ തട്ടിപ്പ് കേസിൽ അന്വേഷണം ആലപ്പുഴ ക്രൈംബ്രാഞ്ചിന് കൈമാറിയത് റദ്ദാക്കാന്‍ ആവശ്യപ്പെട്ട് പൊലീസ് ആസ്ഥാനത്തെ എഐജിയ്ക്കായി ഐജി ലക്ഷ്മണ മെയില്‍ അയച്ചു.

പിന്നാലെ അന്നത്തെ ഡിജിപി ലോക്നാഥ് ബെഹ്റ അന്വേഷണം മോൻസൻ മാവുങ്കൽ ആവശ്യപ്പെട്ട ചേർത്തല സിഐയ്ക്ക് നൽകി ഉത്തരവിറക്കി. എന്നാൽ പണം നഷ്ടമായവരുടെ എതിർപ്പും ഇന്‍റലിജൻസ് റിപ്പോർട്ടും പരിഗണിച്ച് ഈ നീക്കം തടയപ്പെട്ടു. ചേർത്തലയിലെ ഈ സിഐ  മോൻസൻ മാവുങ്കലിന്‍റെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങിൽ പങ്കെടുക്കുന്ന ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്. ക്രൈംബ്രാ‌ഞ്ച് അറസ്റ്റിന് തൊട്ട്  മുൻപായിരുന്നു ഇത്. മുൻ ഡിഐജി എസ് സുരേന്ദ്രന് മോൻസനുമായുള്ള അടുപ്പത്തിന്‍റെ ദൃശ്യങ്ങളും ക്രൈംബ്രാ‌ഞ്ചിന് ലഭിച്ചു.

Related Articles

Leave a Reply

Back to top button