ന്യൂനമർദ്ദം ശക്തിപ്പെട്ടു; അടുത്ത മൂന്ന് മണിക്കൂർ നിർണ്ണായകം; കേരളത്തിൽ വിവിധ ജില്ലകളിൽ ജാഗ്രത

തിരുവനന്തപുരം: മടക്കി വെച്ച കുട എടുത്തോളൂ… സംസ്ഥാനത്ത് മഴ മുന്നറിയിപ്പുകൾ ശക്തമാക്കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. തൃശൂർ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിലേക്ക് കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ട്.
അതേസമയം, വടക്കൻ ഒഡീഷ-പശ്ചിമ ബംഗാൾ തീരങ്ങൾക്ക് മുകളിലായി സ്ഥിതി ചെയ്തിരുന്ന ന്യൂന മർദ്ദം ശക്തി കൂടിയ ന്യൂനമർദ്ദമായി മാറി. കണ്ണൂർ, കാസർകോഡ് ജില്ലകളിൽ ഇടത്തരം ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് റഡാർ ചിത്രങ്ങൾ വ്യക്തമാക്കുന്നു. പ്രധാന റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെടാനും കാഴ്ച മങ്ങുന്നത് മൂലം ഗതാഗത തടസ്സങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്.
താഴ്ന്ന പ്രദേശങ്ങളിലും നദീതീരങ്ങളിലും താമസിക്കുന്നവർ വെള്ളപ്പൊക്ക ഭീഷണി കണക്കിലെടുത്ത് അതീവ ജാഗ്രത പുലർത്തണം. ഉരുൾപൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ മലയോര മേഖലകളിൽ അതീവ ശ്രദ്ധ വേണം. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കി സുരക്ഷിത കേന്ദ്രങ്ങളിൽ തുടരണമെന്നും അധികൃതർ നിർദ്ദേശിക്കുന്നു. മത്സ്യത്തൊഴിലാളികൾ കടലിൽ പോകുന്നതിന് മുൻപ് കാലാവസ്ഥാ അറിയിപ്പുകൾ പരിശോധിക്കണമെന്നും മുന്നറിയിപ്പുണ്ട്.
ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം ശക്തിപ്പെട്ടതാണ് സംസ്ഥാനത്തെ മഴ ശക്തമാക്കാൻ കാരണം. വരും ദിവസങ്ങളിലും മഴ തുടരുമെന്നാണ് സൂചന. ജൂലൈ 20 വരെ കേരളത്തിൽ നേരിയതോ മിതമായതോ ആയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.





