സാധാരണക്കാരുടെ പ്രതീക്ഷയാണ്, തകര്‍ക്കരുത് പിഎസ്സിയുടെ വിശ്വാസ്യത; സമീപനാളുകളില്‍ പിഎസ്സിക്കെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍

സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഉദ്യോഗാര്‍ഥികളുടെ പ്രതീക്ഷയാണ് പിഎസ്സി. പക്ഷേ സമീപ നാളുകളില്‍ പിഎസ്സിയില് നിന്ന് വരുന്നത് അത്ര ശുഭകരമല്ലാത്ത വാര്‍ത്തകളാണ്. പരീക്ഷാ മൂല്യനിര്‍ണയത്തിലെ ഗുരുതരമായ പിഴവുകളും, ഉയര്‍ന്ന ഉദ്യോഗസ്ഥ നിയമനങ്ങളിലെ ക്രമക്കേടുകളുമാണ് നിലവിലെ പി.എസ്.സി പ്രതിസന്ധിക്ക് കാരണം. ആസൂത്രണ ബോര്‍ഡ് നിയമനങ്ങളുമായി ബന്ധപ്പെട്ട അട്ടിമറികളാണ് വിവാദങ്ങള്‍ക്ക് തിരികൊളുത്തിയത്. വിഷയത്തില്‍ വലിയ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് നിരവധി പരാതികളാണ് ദിനംപ്രതി മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.
ഗുരുതരമായ ആരോപണങ്ങളാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പിഎസ്സിക്ക് നേരെ ഉയരുന്നത്. ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് വ്യക്തമായ വിശദീകരണം നല്കാന് പോലും ഇതുവരെ പിഎസ്സിക്ക് ആയിട്ടില്ല. ഉയര്‍ന്ന ശമ്പളമുള്ള തസ്തികകളിലെ പരീക്ഷകളില്‍പ്പോലും ചോദ്യങ്ങള്‍ പരിശോധിക്കാതെയും ,മാര്ക്കിടാതെയും റാങ്ക് പട്ടികകള്‍ പ്രസിദ്ധീകരിക്കുന്ന സംഭവങ്ങള്‍ ആണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. ചോദ്യങ്ങള്‍ തിരുത്തി മാര്‍ക്കിട്ടാല്‍ റാങ്ക് പട്ടിക തന്നെ മാറുമെന്നിരിക്കെ, ഇത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും മറച്ചുവെക്കാന്‍ ശ്രമിച്ചതായും ആരോപണമുണ്ട്. വിഷയത്തില്‍ വലിയ പ്രതിഷേധം ആണ് ഉദ്യോഗാര്‍ഥികളുടെ ഭാഗത്ത് നിന്ന് ഉയരുന്നത്. പിഎസ്സിയുടെ വിശ്വാസ്യത വീണ്ടെടുക്കാന്‍ ഉന്നതത്തല അന്വേഷണം ആവശ്യപ്പെട്ട് കെപിസിസി അംഗം ജെ എസ് അഖില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്.
ഭരണകക്ഷി അനുകൂലികളെയും രാഷ്ട്രീയ നോമിനികളെയും പ്രധാന തസ്തികകളില്‍ നിയമിക്കുന്നതിനായി അഭിമുഖങ്ങളിലും യോഗ്യതകളിലും കൃത്രിമത്വം കാണിക്കുന്നതായിയും ആക്ഷേപമുണ്ട്.വിജ്ഞാപനത്തില്‍ വ്യക്തമാക്കിയ സിലബസ് പാലിക്കാതെയും, മുന്‍കൂട്ടി അറിയിക്കാതെയും പരീക്ഷകളില്‍ ചോദ്യങ്ങള്‍ ചോദിക്കുന്നതും സിലബസ് മാറ്റുന്നതും ഉദ്യോഗാര്‍ത്ഥികള്‍ക്കിടയില്‍ വലിയ ആശങ്ക ഉണ്ടാക്കുന്നുണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഉത്തരക്കടലാസുകള്‍ കൃത്യസമയത്ത് നല്‍കാതെയും, വിവരാവകാശ ചോദ്യങ്ങള്‍ക്ക് വ്യക്തമായ മറുപടി നല്‍കാതെയും സുതാര്യത അട്ടിമറിക്കുന്നതായി പരാതികളുണ്ട്.
പിഎസ്സി പരീക്ഷകളിലെ ഇത്തരത്തിലുള്ള ഗുരുതര ക്രമക്കേടുകളെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് ശക്തമായ പ്രതിഷേധങ്ങളും നിയമനടപടികളും ഉദ്യോഗാര്‍ത്ഥികളുടെ ഭാഗത്തുനിന്നുയരുന്നുണ്ട്. വിഷയത്തില്‍ കൃത്യമായ അന്വേഷണം നടത്തി, കുറ്റക്കാരെ നിയമത്തിനു മുന്നില്‍ കൊണ്ട് വന്നില്ലെങ്കില്‍ നഷ്ടപ്പെടാന്‍ പോകുന്നത് പിഎസ്സിയുടെ വിശ്വാസ്യതയും സാധാരണക്കാരായ കുട്ടികളുടെ മോഹങ്ങളുമാണ്.





