നാടിനെ കണ്ണീരിലാഴ്ത്തി ഉറ്റ സുഹൃത്തുക്കളുടെ വിയോഗം; ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്, കോഴിക്കോട്ടുപറമ്പ് ടസ്കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനം

മലപ്പുറം : മലപ്പുറം മങ്കട വെള്ളിലയിലെ കുരങ്ങന്‍ചോല വ്യൂപോയിന്റില്‍ ഇടിമിന്നലേറ്റ് മരിച്ച വിദ്യാര്‍ഥികളുടെ ഖബറടക്കം ഇന്ന്. സുഹൃത്തുക്കളായ റഹീസ്, ബഹാസ്, സിയാദ്, ഫഹദ് എന്നിവരാണ് മരിച്ചത്. പരുക്കേറ്റ മൂന്ന് പേര് പെരിന്തല്‍മണ്ണ മൗലാന ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്.
രാവിലെ ഏഴ് മണിയോടെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടം ആരംഭിക്കും. തുടര്‍ന്ന് കോഴിക്കോട്ടുപറമ്പ് ടസ്കര്‍ ഓഡിറ്റോറിയത്തില്‍ പൊതുദര്‍ശനമുണ്ടാകും. ശേഷം മലയില്‍ റഹ്മാനിയ ജുമാമസ്ജിദില്‍ ഖബറടക്കും.ഒരു നാടിനെയാകെ കണ്ണീരിലാഴ്ത്തിയാണ് സുഹൃത്തുകളായ വിദ്യാർഥികൾ മടങ്ങിയത്. ഉയർന്ന പ്രദേശമായ കുരങ്ങൻചോല വൈകുന്നേരങ്ങളിൽ ആളുകൾ വന്നിരിക്കുന്ന വ്യൂ പോയിന്റിൽ കാഴ്ച കാണാനെത്തിയ നാലു വിദ്യാർഥികളുടെ ചേതനയറ്റ ശരീരമാണ് കുന്നിൽ നിന്ന് വീടുകളിലേക്ക് കൊണ്ടുപോയത്. മങ്കട വെള്ളിലയിലെ കുരങ്ങൻചോല വ്യൂപോയിന്റിൽ വൈകുന്നേരമുണ്ടായ ഇടിമിന്നലേറ്റാണ് നാട്ടുകാരായ വിദ്യാർഥികൾ മരിച്ചത്.
മലയിൽ പുതുക്കൂടി അലിയുടെയും മുബീനയുടെയും മകൻ റഹീസ് (20), പുത്തൻവീട്ടിൽ കൂരിമണ്ണിൽ സൈതലവിയുടെയും പരേതയായ സാജിതയുടെയും മകൻ ബഹാസ് (18), ആലിക്കാപറമ്പിൽ അസീസിന്റെയും സുലൈഖയുടെയും മകൻ സിയാദ് (18), കറുത്താൻകുത്ത് നിസാറിന്റെയും നസീമയുടെയും മകൻ ഫഹദ് (22) എന്നിവരാണ് മരിച്ചത്.താഴെയുണ്ടായിരുന്ന നാട്ടുകാർ വ്യൂപോയിന്റിലെത്തി നോക്കുമ്പോൾ വിദ്യാർഥികൾ ബോധമില്ലാതെ കിടക്കുകയായിരുന്നു. ആദ്യംകണ്ട ആറുപേരെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും നാലുപേർ മരിച്ചു. പിന്നീട് നാട്ടുകാർ നടത്തിയ തെരച്ചിലിലാണ് ഒരാളെ പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.
മരിച്ച ഫഹദിന്റെ ഇരട്ടസഹോദരൻ റോഷൻ, മരിച്ച റഹീസിന്റെ സഹോദരൻ സൽമാനുൽ ഫാരിസ്, മലയിൽ വീട്ടിൽ മുഷ്താഖിന്റെ മകൻ ഇഷ്ഹാത്ത് (16) എന്നിവരാണ് പരിക്കേറ്റ് മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഇവർ അപകടനില തരണംചെയ്തതായാണ് വിവരം.





