Thiruvananthapuram

സഭയിലെത്തുക 11 വനിതകൾ; ചരിത്രമെഴുതി ലീഗിന്റെ ആദ്യ വനിതാ എം.എൽ.എ

Please complete the required fields.




തിരുവനന്തപുരം: യുഡിഎഫ് തരംഗം ആഞ്ഞടിച്ച നിയമസഭാ തെരഞ്ഞെടുപ്പിൽ ഇത്തവണ സഭയിലെത്തുന്നത് 11 വനിതകൾ. മുസ്‍ലിം ലീഗ് ചരിത്രത്തിലാദ്യമായി ഒരു വനിതാ എംഎൽഎയെ നിയമസഭയിലേക്ക് അയക്കുന്നു എന്ന പ്രത്യേകതയും ഈ തെരഞ്ഞെടുപ്പിനുണ്ട്.
ലീഗിന്‍റെ പേരാമ്പ്രയിലെ സ്ഥാനാര്‍ഥി ഫാത്തിമ തഹിലിയ എൽഡിഎഫ് കൺവീനർ ടി.പി രാമകൃഷ്ണനെ പരാജയപ്പെടുത്തിയാണ് നിയമസഭയിലെത്തുന്നത്. ഉപതെരഞ്ഞെടുപ്പിലെ വിജയം നിയമസഭാ തെരഞ്ഞെടുപ്പിലും ആവര്‍ത്തിച്ചിരിക്കുകയാണ് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്.

കെ.കെ രമയാകട്ടെ യുഡിഎഫ് പിന്തുണയോടെ വടകരയിൽ വീണ്ടും കരുത്ത് തെളിയിച്ചു. അരൂരിൽ എൽഡിഎഫിന്‍റെ സിറ്റിങ് സീറ്റ് തിരിച്ചുപിടിച്ചുകൊണ്ടാണ് യുഡിഎഫിന്‍റെ ഷാനി മോൾ ഉസ്മാൻ ഇത്തവണ എംഎൽഎയാകുന്നത്.

കൊല്ലത്ത് നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി ബിന്ദു കൃഷ്ണയും എലത്തൂരിൽ നിന്ന് യുഡിഎഫ് സ്ഥാനാര്‍ഥി വിദ്യ ബാലകൃഷ്ണനും ഇത്തവണ നിയമസഭയിലെത്തും. കോങ്ങാട് അട്ടിമറി വിജയം നേടിയാണ് യുഡിഎഫിന്‍റെ തുളസി ടീച്ചര്‍ സഭയിലെത്തുന്നത്. മാനനന്തവാടിയിൽ മന്ത്രി ഒ.ആർ. കേളുവിനെ പരാജയപ്പെടുത്തിയത് യുഡിഎഫിന്‍റെ ഉഷ വിജയനാണ്. നാട്ടികയിൽ എൽഡിഎഫ് സ്ഥാനാര്‍ഥി ഗീത ഗോപിയും ആറ്റിങ്ങലിൽ ഒ.എസ് അംബികയും ജയിച്ചു.
മുൻ മന്ത്രിമാരായ വീണ ജോർജ്, ആർ. ബിന്ദു, ജെ. ചിഞ്ചുറാണി എന്നിവരുടെ പരാജയം എൽഡിഎഫ് നിരയിലെ വനിതാ പ്രാതിനിധ്യം കുറയാൻ കാരണമായി. എന്നാൽ യുഡിഎഫ് നിരയിൽ നിന്നും കൂടുതൽ വനിതകൾ സഭയിലെത്തുന്നത് ശ്രദ്ധേയമാണ്.

Related Articles

Back to top button