
പത്തനംതിട്ട: ഇളമണ്ണൂരിൽ ഹോട്ടൽ നടത്തിപ്പുകാരനെ കടയിൽ കയറി മർദ്ദിച്ചതായി പരാതി. ഇളമണ്ണൂർ സ്വദേശിയായ ടോണിക്കാണ് മർദ്ദനമേറ്റത്. മൂന്നംഗ സംഘം ഹോട്ടലിലെത്തി ടോണിയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. സംഭവത്തിൽ അടൂർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മർദ്ദനത്തിന് പിന്നിലെ കാരണം വ്യക്തമല്ല. പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു.
ഹോട്ടൽ നടത്തിപ്പിനായി നേരത്തെ കട നടത്തിയിരുന്ന ആളുകളിൽ നിന്ന് ടോണി ഉപകരണങ്ങൾ രണ്ടര ലക്ഷം രൂപയ്ക്ക് വാങ്ങിയിരുന്നു. രണ്ടുമാസത്തെ കാലയളവിൽ ചെക്ക് നൽകുകയും ആയിരം രൂപ പ്രതിദിനം നൽകാമെന്നുമായിരുന്നു കരാർ. ഗ്യാസ് പ്രതിസന്ധി വന്നതോടെ 26 ദിവസം കട തുറന്നിരുന്നില്ല. ഇതോടെ ആയിരം രൂപ നൽകുന്നത് മുടങ്ങി. അതിൻ്റെ വിരോധത്തിൽ മുൻ ഉടമ പ്രിൻസും കൂട്ടാളികളും ചേർന്ന് മർദ്ദിച്ചെന്നാണ് ടോണിയുടെ പരാതി. കഴിഞ്ഞമാസം 25 ആം തീയതി ആയിരുന്നു സംഭവം. പ്രതികൾ ഭക്ഷണത്തിൽ ഹാൻവാഷ് കലർത്തിയതായി എഫ്ഐആറില്‍ പറയുന്നു. പണം നഷ്ടമായി എന്നും പരാതിയിലുണ്ട്.





