140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തും, താൻ മത്സരിക്കുന്ന ബേപ്പൂരിൽ വിജയം സുനിശ്ചിതം’ – പി.വി. അൻവർ

കോഴിക്കോട്: എക്സിറ്റ് പോൾ ഫലങ്ങളും ഔദ്യോഗിക വോട്ടെണ്ണലും വരാനിരിക്കെ, സംസ്ഥാനത്ത് യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന പ്രഖ്യാപനവുമായി യു.ഡി.എഫ് സ്ഥാനാർഥി പി.വി. അൻവർ.
140 അംഗ നിയമസഭയിൽ 89 സീറ്റുകൾ നേടി യു.ഡി.എഫ് ഭരണത്തിലെത്തുമെന്നാണ് തന്റെ ഫേസ്ബുക്ക് പോഡ്കാസ്റ്റിലൂടെ പുറത്തുവിട്ട സർവേ റിപ്പോർട്ടിൽ അൻവർ അവകാശപ്പെടുന്നത്. താൻ മത്സരിക്കുന്ന ബേപ്പൂരിൽ വിജയം സുനിശ്ചിതമാണെന്നും മലപ്പുറം, വയനാട് ജില്ലകളിലെ മുഴുവൻ സീറ്റുകളും യു.ഡി.എഫ് തൂത്തുവാരുമെന്നും അദ്ദേഹം പ്രവചിക്കുന്നു.മേഖലാടിസ്ഥാനത്തിലുള്ള കണക്കുകൾ പ്രകാരം മലബാറിൽ യു.ഡി.എഫിന് വലിയ മേൽക്കൈ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. മലബാറിലെ 60 സീറ്റുകളിൽ 40 എണ്ണവും മുന്നണി നേടും. മധ്യകേരളത്തിൽ 32ൽ 21 സീറ്റുകളും തെക്കൻ കേരളത്തിൽ 48ൽ 25 സീറ്റുകളും യു.ഡി.എഫിന് ലഭിക്കുമെന്ന് അൻവർ വ്യക്തമാക്കുന്നു. ശക്തമായ ഭരണവിരുദ്ധ തരംഗം മലബാറിൽ ആഞ്ഞടിക്കുമെന്നും അത് ഫലത്തിൽ പ്രതിഫലിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ നിരീക്ഷണം.
മുഖ്യമന്ത്രി പിണറായി വിജയനെതിരെയും അൻവർ കടുത്ത രാഷ്ട്രീയ നിരീക്ഷണങ്ങൾ പങ്കുവെച്ചു. ധർമടത്ത് മുഖ്യമന്ത്രിയുടെ ഭൂരിപക്ഷം 10,000ന് താഴെയാകാൻ സാധ്യതയുണ്ടെന്നും, ഒരുപക്ഷേ അദ്ദേഹം പരാജയപ്പെട്ടാൽ പോലും അതിൽ അത്ഭുതപ്പെടാനില്ലെന്നും അൻവർ പറയുന്നു. മലമ്പുഴയിൽ യു.ഡി.എഫ് സ്ഥാനാർഥി എസ്. സുരേഷ് വിജയിക്കുമെന്നും പേരാമ്പ്ര, ബാലുശേരി, എലത്തൂർ എന്നീ മണ്ഡലങ്ങളിൽ ശക്തമായ മത്സരം നടക്കുമെന്നും സർവേയിലുണ്ട്.
ഔദ്യോഗിക ഫലപ്രഖ്യാപനം മെയ് നാലിന് നടക്കാനിരിക്കെ, വിവിധ ഏജൻസികളുടെ എക്സിറ്റ് പോൾ ഫലങ്ങൾക്കായി കാത്തിരിക്കുകയാണ് രാഷ്ട്രീയ കേരളം. ഇതിനിടയിലാണ് പി.വി. അൻവറിന്റെ സർവേ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.





