Kozhikode

കുഴി നിറഞ്ഞ് റോഡുകൾ

Please complete the required fields.




കോഴിക്കോട് :രാമനാട്ടുകര കൃഷിയിറക്കാൻ പാകത്തിൽ ഉഴുതുമറിച്ചപോലെ ഒരു റോഡുണ്ട് വാഴയൂരിൽ. കാരാട്-കാടേപ്പാടം-മേലെപുതുക്കോട് റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഉപമ മറ്റൊന്നില്ല. വാഴയീരിലെ ചരലൊടി, ഈസ്റ്റ്‌ കാരാട്, പുതുക്കോട് എന്നീ വാർഡുകളിൽ ഉൾപ്പെട്ടതാണ് ഒന്നേമുക്കാൽ കിലോമീറ്റർ ദൂരമുള്ള റോഡ്. വയലുകൾക്ക് നടുവിലൂടെ ഈ റോഡ് നിർമിച്ചിട്ട് ഏകദേശം 25 വർഷത്തോളമായിട്ടുണ്ടാകും.

മേലെ പുതുക്കോട്, മാളിൽതാഴം, മുണ്ടപ്പുറം, പുതിയേടത്ത് താഴം തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് കാരാട് അങ്ങാടിയിലേക്ക് എളുപ്പത്തിൽ എത്താവുന്ന മാർഗമാണ് ഈ റോഡ്. റോഡിന്റെ വശങ്ങൾ പലസ്ഥലത്തും കെട്ടിയിട്ടുണ്ട്. എന്നാൽ, റോഡിൽ മണ്ണിട്ടുയർത്തി സോളിങ് നടത്തിയിട്ടില്ല.മഴയില്ലാത്തസമയത്ത് കുഴിയിൽ ചാടിയാണെങ്കിലും ഇരുചക്രവാഹനങ്ങൾക്ക് മെല്ലെ പോകാം. മഴക്കാലം തുടങ്ങിയാൽപ്പിന്നെ റോഡിലുള്ള കുഴികളിൽ വെള്ളംനിറഞ്ഞ് കുഴമ്പുരൂപത്തിലാകും.
ഈ സമയത്ത് ഒരു വാഹനത്തിനും പോകാൻപറ്റാത്ത അവസ്ഥയാണ്. കാരാട്പറമ്പ് വൈരമഹാകാളികാവ് ക്ഷേത്രം, എള്ളാത്ത് കളരി തറവാട് ക്ഷേത്രം എന്നിവ സ്ഥിതിചെയ്യുന്നത് ഈ റോഡിന് സമീപമാണ്. ഇവിടേക്കുവരുന്ന നൂറുകണക്കിന് ആളുകൾക്കു ദുരിതമായിട്ടുണ്ട് ഈ റോഡ്. ബ്ലോക്ക്‌ പഞ്ചായത്തിന്റെ ഫണ്ട്‌ ഉപയോഗിച്ച് ഇക്കഴിഞ്ഞ മാർച്ചിൽ ഈ റോഡിൽ ഏകദേശം 100 മീറ്റർ ഭാഗം ടാറിങ് നടത്തിയിട്ടുണ്ട്. റോഡ് നിർമിച്ചതിൽപ്പിന്നെ വാഴയൂർ ഗ്രാമപ്പഞ്ചായത്തിന്റെ വലിയ ഒരു ഫണ്ട്‌ ഈ റോഡിന്റെ നിർമാണത്തിന് ലഭിച്ചിട്ടില്ല.

രണ്ടുമൂന്നുതവണയായി ലഭിച്ച ബ്ലോക്ക്‌ പഞ്ചായത്തിന്റെ തുക ഉപയോഗിച്ചുകൊണ്ടാണ് റോഡ് ഇപ്പോഴത്തെ നിലവാരത്തിൽ എത്തിയതുതന്നെ. റോഡിന് ഇരുവശവും വയൽപ്രദേശമായതിനാൽ റോഡ് മണ്ണിട്ടുയർത്തി വശങ്ങൾ കെട്ടിയാൽമാത്രമേ റോഡിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് മാറ്റമുണ്ടാകൂ. റോഡിന്റെ കുറച്ചുഭാഗം മണ്ണിട്ടുയർത്തി വശങ്ങൾ കെട്ടുന്നതിനുവേണ്ടി പ്രധാനമന്ത്രിയുടെ ഗ്രാമീണ റോഡ് നിർമാണഫണ്ടിലേക്ക് അപേക്ഷനൽകിയിട്ടുണ്ട്.കൊണ്ടോട്ടി എംഎൽഎയുടെ മണ്ഡലം വികസനപദ്ധതിയിൽനിന്ന് കാരാട്-കാടേപ്പാടം റോഡിന്റെ നിർമാണത്തിന് 10 ലക്ഷം രൂപയുടെ ഫണ്ട്‌ അനുവദിക്കുന്നതിനുള്ള ശ്രമം നടക്കുന്നുണ്ടെന്ന് വാഴയൂർ പഞ്ചായത്ത്‌ അധികൃതർ അറിയിച്ചു.

Related Articles

Back to top button