
കോഴിക്കോട് : വ്യക്തികളും സ്ഥാപനങ്ങളുടെ പ്രതിനിധികളുമൊക്കെ വിഷുക്കൈനീട്ടം നൽകാൻ ബാങ്ക് ശാഖകളിലേക്ക് കൂട്ടമായെത്തിയതോടെ തിങ്കളാഴ്ച ബാങ്ക് കൗണ്ടറുകളിൽ തിരക്കേറി. പെരുന്നാളും വിഷുവും പ്രമാണിച്ച് പുത്തൻനോട്ടുകൾ ബാങ്കുകൾ നേരത്തേതന്നെ വേണ്ടത്ര കരുതിയിരുന്നു.
എങ്കിലും 10, 20 രൂപാ നോട്ടുകൾക്ക് ക്ഷാമമുണ്ടായി. ചെറിയ തുകയ്ക്കെല്ലാം കറൻസി സൗജന്യമായാണ് ബാങ്കുകൾ മാറിനൽകിയത്. ഒരുലക്ഷത്തിനുമേൽ തുക കറൻസിയായി വാങ്ങുന്നവർക്ക് ചെറിയ നിരക്കിൽ ഹാൻഡ്‌ലിങ് ചാർജ് ഈടാക്കി. അക്കൗണ്ട് ഉടമകൾക്ക് പണം നൽകുന്നതിൽ മുൻഗണനയുണ്ടെങ്കിലും ബാങ്കിലെത്തിയ ആരെയും അധികൃതർ നിരാശരാക്കിയില്ല.
ചൊവ്വ, ബുധൻ ദിവസങ്ങളിൽ ബാങ്ക് അവധിയായിരിക്കും. അതിനാലാണ് തിങ്കളാഴ്ച തിരക്കേറിയതെന്ന് കോർട്ട് റോഡിലെ പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ ആർ. ശരവണൻ പറഞ്ഞു.





