
കോഴിക്കോട് : ഗുജറാത്തിൽനിന്നെത്തിയ ജൈനമത സാധ്വിമാർക്ക് കോഴിക്കോട് ജൈനമതക്ഷേത്രത്തിന്റെ ആഭിമുഖ്യത്തിൽ ചൊവ്വാഴ്ച പാരമ്പര്യ ആചാരപ്രകാരം സ്വീകരണം നൽകി. സാധ്വിമാരായ ഡോ. ഹർഷനിധി സാഹെബിനും ശ്രേയസ്കര ശ്രീജി സാഹെബിനുമാണ് സ്വീകരണം നൽകിയത്. പഴയ റെയിൽവേ സ്റ്റേഷൻ പാലത്തിനുസമീപം എത്തിച്ചേർന്ന സാധ്വിമാരെ ഘോഷയാത്രയായി ജൈനക്ഷേത്രത്തിലേക്ക് സ്വീകരിച്ച് ആനയിക്കുകയായിരുുന്നു.
അഹിംസയും വിശ്വത്തോടുള്ള പ്രേമവുമാണ് ഭഗവാൻ മഹാവീരന്റെ പ്രധാന സന്ദേശമെന്ന് സാധ്വി ഡോ. ഹർഷനിധി സാഹെബ് പറഞ്ഞു. ജീവിതം വളരെയേറെ പ്രധാനമാണെന്ന് നാം മനസ്സിലാക്കണം.സന്തോഷത്തോടെ ജീവിക്കുക, മറ്റുള്ളവരെ ആനന്ദത്തോടെ ജീവിക്കാൻ അനുവദിക്കുക എന്നത് നമ്മുടെ കടമയാണ് -സാധ്വി പറഞ്ഞു.
സ്വീകരണച്ചടങ്ങുകൾക്ക് രമേശ് ഭൈലാൽ മേത്ത, ദീപക് വെൽജി ഷാ, ആർ. ജയന്ത് കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. വടകരയിൽനിന്നാണ് സാധ്വിമാർ കോഴിക്കോട്ടേക്ക് എത്തിയത്. 15 ദിവസം കോഴിക്കോട്ടുണ്ടാവും. ബുധനാഴ്ച രാവിലെ 8.15-ന് ജൈനക്ഷേത്രത്തിൽ ‘മാനവികത ജൈനമതത്തിൽ’ എന്ന വിഷയത്തിൽ ഡോ. ഹർഷനിധി സാഹെബ് ആധ്യാത്മികപ്രഭാഷണം നടത്തും.





