മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ കസ്റ്റഡിയിൽ വാങ്ങില്ലെന്ന് വനംവകുപ്പ്, തെളിവെടുപിന്‍റെ ആവശ്യമില്ലെന്ന് വിശദീകരണം

തിരുവനന്തപുരം: മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിൽ അറസ്റ്റിലായ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യില്ലെന്ന് വനംവകുപ്പ്. കേസിൽ ഇനി പ്രത്യേകിച്ച് തെളിവെടുപ്പിന്റെ ആവശ്യമില്ലാത്തതിനാലാണ് കസ്റ്റഡി അപേക്ഷ നൽകേണ്ടതില്ലെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിശദീകരിച്ചത്. നിലവിൽ നെടുമങ്ങാട് വനം കോടതി മജിസ്‌ട്രേറ്റ് ശശിയെ ഏപ്രിൽ നാല് വരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.
വന്യജീവി സംരക്ഷണ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് വെള്ളനാട് ശശിക്കെതിരെ കേസെടുത്തിരിക്കുന്നത്. കേസില്‍ കുറ്റപത്രം ഉടൻ സമർപ്പിക്കും. പരുത്തിപ്പള്ളി റേഞ്ച് ഓഫീസിലെത്തി കീഴടങ്ങുകയായിരുന്നു ശശി. കഴിഞ്ഞ മാസം 28നാണ് വെള്ളനാട് ശശി മുള്ളൻപന്നിയെ തല്ലിക്കൊന്നത്. വനം വകുപ്പ് കേസെടുത്തതിന് പിന്നാലെ ഒളിവിൽ പോയ ശശി, പിന്നീട് ഔദ്യോഗിക ചടങ്ങിൽ അടക്കം പങ്കെടുത്തെങ്കിലും വനം വകുപ്പ് ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. സെഷന്‍സ് കോടതി മുന്‍കൂർ ജാമ്യം നിഷേധിച്ചതിന് പിന്നാലെയാണ് ശശി കീഴടങ്ങിയത്.





