താരങ്ങളെ കളത്തിലിറക്കി ട്വന്റി 20; നടി അഞ്ജലി നായർ തൃപ്പൂണിത്തുറയിൽ, പെരുമ്പാവൂരിൽ ലക്ഷ്മി പ്രിയ

കൊച്ചി: താരങ്ങളെ കളത്തിലിറക്കി ട്വന്റി 20യുടെ അതിനിർണായക നീക്കം. നടി വീണാ നായർ ഏറ്റുമാനൂരിലും അഞ്ജലി നായർ തൃപ്പൂണിത്തുറയിലും മത്സരിക്കും. പെരുമ്പാവൂരിൽ നടി ലക്ഷ്മി പ്രിയ സ്ഥാനാർഥിയാകും. ആദ്യമായാണ് രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് എന്ന് അഞ്ജലി നായർ പ്രതികരിച്ചു. ഒരു പാർട്ടിയിലും അംഗത്വം ഇല്ലെന്നും പത്ത് വർഷമായി ബിജെപി വേദികളിൽ സജീവമാണെന്നും ലക്ഷ്മി പ്രിയ പറഞ്ഞു. നിലവിൽ അമ്മ വൈസ് പ്രസിഡന്റാണ്. നേരത്തെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയ്ക്ക് സംഭവിച്ച പരാജയത്തിൽ താരത്തിന്‍റെ പ്രതികരണം വൈറലായിരുന്നു.
ബിജെപി സീറ്റ് നേടിയാലും ഇല്ലെങ്കിലും മരണം വരെ പാർട്ടിയ്ക്ക് വേണ്ടി വോട്ട് ചെയ്യുമെന്ന് പറഞ്ഞ ലക്ഷ്മി പ്രിയ. എന്നും സംഘപുത്രി തന്നെയായിരിക്കും എന്നും പറഞ്ഞു. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ തിരഞ്ഞെടുപ്പിൽ എബിവിപി സ്ഥാനാർഥിയായെന്നും ലക്ഷ്മി പ്രിയ പറഞ്ഞിരുന്നു. പരാജയത്തിന്‍റെ പേരിൽ പ്രസ്ഥാനത്തെ ആരൊക്കെ വിട്ടുപോയാലും തന്റെ വോട്ട് മരണം വരെ ബിജെപിയ്ക്ക് തന്നെയായിരിക്കുമെന്നും ലക്ഷ്മി ഫെയ്സ്ബുക്കിൽ കുറിച്ചിരുന്നു.
എസ്എഫ്ഐ യിൽ കോളേജ് യൂണിയൻ ചെയർ പേഴ്സൻ ആയിരുന്നു എന്നും ഇപ്പോൾ മാറ്റങ്ങളുടെ ഭാഗമാകുന്നു എന്നും ആണ് വീണാ നായർ പ്രതികരിച്ചത്.
താരങ്ങൾക്ക് പുറമെ മറിയ ഉമ്മന്റെ ഭർത്താവ് ഡോ.വർഗീസ് ജോർജ് കൊടുങ്ങല്ലൂരിൽ ട്വിന്റി 20 ടിക്കറ്റിൽ കളത്തിലിറങ്ങുന്നുണ്ട്. അതേസമയം, ട്വന്റി-20 സംസ്ഥാന അധ്യക്ഷൻ സാബു എം. ജേക്കബ് തിരഞ്ഞെടുപ്പിൽ മത്സരിക്കില്ല. അഖിൽ മാരാർ തൃക്കാക്കരയിൽ മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. വ്യത്യസ്ത മേഖലയിൽ കഴിവ് തെളിയിച്ചവരെയാണ് സ്ഥാനാർഥികളാക്കുന്നതെന്നാണ് പാര്‍ട്ടി പ്രസിഡന്റ് സാബു എം.ജേക്കബ് പറഞ്ഞത്.




