മത്സരിക്കാനില്ല, പക്ഷേ രാജ്യസഭാംഗത്വം സ്വീകരിക്കും’; കായിക താരമെന്ന നിലയിലുള്ള പരിഗണന മതി: ഐ.എം. വിജയൻ

തൃശൂർ: വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് മുൻ ഇന്ത്യൻ ഫുട്ബോൾ താരം ഐ.എം. വിജയൻ. നിലവിൽ ഒരു രാഷ്ട്രീയ പാർട്ടിയുടെയും ഭാഗമായി നിൽക്കാൻ തനിക്ക് സാധിക്കില്ലെന്നും എന്നാൽ എല്ലാ പാർട്ടികളുമായും നല്ല ബന്ധമാണ് പുലർത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അടുത്തിടെ പ്രധാനമന്ത്രിയുടെ ദൂതൻ തന്നെ വന്ന് കണ്ടിരുന്നുവെന്നും സുരേഷ് ഗോപി നേരിട്ട് വിളിച്ചിരുന്നുവെന്നും വിജയൻ വെളിപ്പെടുത്തി. എങ്കിലും സജീവ രാഷ്ട്രീയത്തിലേക്കോ തിരഞ്ഞെടുപ്പ് ഗോദയിലേക്കോ ഇപ്പോൾ ഇല്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്. അതേസമയം, രാജ്യസഭാംഗത്വം നൽകുകയാണെങ്കിൽ അത് സ്വീകരിക്കാൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടതുപക്ഷവും കോൺഗ്രസും മത്സരിക്കുന്നോ ചോദിച്ചിരുന്നു. തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ല. രാജ്യസഭാംഗത്വം സ്പോർട്സിന്റെ ഭാഗമായി കിട്ടിയാൽ സ്വീകരിക്കുമെന്നും ഐ.എം.വിജയൻ പറഞ്ഞു. തനിക്ക് എല്ലാരേയും വേണം. ഒരിക്കലും വിളിക്കാത്തവർ പോലും വിളിച്ച് തെരഞ്ഞെടുപ്പിൽ നിൽക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിലവിൽ ലഭിക്കുന്ന സ്നേഹം തുടർന്ന് ലഭിക്കാനാണ് താൽപര്യമെന്നും ഐഎം വിജയൻ പറഞ്ഞു. താൻ ദേശീയ താരമായതിനാൽ സ്പോർട്സ് പ്രേമികളും അല്ലാത്തവരും ഒരു പോലെ സ്നേഹിക്കപ്പെടുന്നുണ്ട്. അത് തുടർന്നും ലഭിക്കാൻ താൽപര്യപ്പെടുന്നുവെന്നും ഐഎം വിജയൻ പ്രതികരിച്ചു.





