
കുറ്റ്യാടി : തരിശുഭൂമിയിൽ ചേനക്കൃഷിയിറക്കി പുതുചരിത്രമെഴുതാൻ നരിക്കൂട്ടുംചാൽ വേദിക വായനശാല കാർഷിക ക്ലബ്ല്. ‘ചേന വെക്കാത്തവനെ അടിക്കണം’ എന്ന പഴമൊഴിയിൽനിന്ന് പ്രചോദനമുൾക്കൊണ്ടാണ് താരതമ്യേന പരിപാലനച്ചെലവുകുറഞ്ഞതും ആദായകരവുമായി കൃഷിക്ക് ക്ളബ് മുന്നിട്ടിറങ്ങിയത്.
വായനശാലയ്ക്ക് സമീപം തരിശായിക്കിടന്ന അൻപത് സെന്റ് സ്ഥലത്താണ് കൃഷി. ഇരുപത്തഞ്ചോളം പേർ അടങ്ങിയ കാർഷിക കൂട്ടായ്മയായാണ് ഇത്തരമൊരു സംരഭത്തിന് തുടക്കംകുറിച്ചത്. രണ്ടടി വ്യത്യാസത്തിൽ ഒരടി ആഴത്തിൽ കുഴിയെടുത്ത് നൂറു ഗ്രാം കുമ്മായവും ചേർത്ത് മണ്ണറിഞ്ഞ് രണ്ടാഴ്ച ഇടുകയും മണ്ണിലെ നനവുപോകാതിരിക്കാൻ കരിയിലകൾ കൊണ്ട് തടംമൂടിയുമാണ് ചേനക്കൃഷിയെ പരിപാലിക്കുന്നത്.
കുംഭത്തിൽനട്ടാൽ ചേന കൂടത്തോളം വളരുമെന്ന വിശ്വാസത്തിൽ പുതിയൊരു കാർഷികമാറ്റത്തിനാണ് ക്ലബ് അംഗങ്ങൾ തുടക്കമിട്ടിരിക്കുന്നത്. ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിക്കുന്നത്. കാർഷിക ക്ലബ് പ്രസിഡൻറ്് പി.കെ. ശശിധരൻ, സെക്രട്ടറി പി.ടി. പ്രദീഷ്, ട്രഷറർ പി.പി. വിജയൻ, ജെ.ഡി. ബാബു, എസ്.ജെ. സജീവ് കുമാർ, ടി. സുരേഷ് ബാബു, കെ.പി. ചന്ദ്രൻ, കെ.കെ. രവീന്ദ്രൻ, എള്ളിൽ കുട്ടിക്കൃഷ്ണൻ, പി.പി. ശ്രീജിത്ത്, കെ.കെ. സന്തോഷ്, സി.കെ. രാധ, കെ.പി. ശോഭ, രജനി തുടങ്ങിയവരാണ് കൃഷി പരിപാലിക്കുന്നത്.





