KeralaKozhikode

വലിയങ്ങാടിയിലെ കെട്ടിടത്തിന്റെ സൺഷെയ്ഡ് പൊളിച്ചുതുടങ്ങി

Please complete the required fields.




കോഴിക്കോട് : വലിയങ്ങാടിയിലെ പഴയ കെട്ടിടത്തിന്റെ ഭാഗങ്ങൾ തകർന്നുവീണ് നാല് തൊഴിലാളികൾ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ കോർപ്പറേഷൻ കെട്ടിടം പൊളിക്കാനുള്ള പ്രാരംഭനടപടികൾ തുടങ്ങി.

ഇതിന്റെ ആദ്യഘട്ടമെന്നോണം അന്ന് തകർന്നുവീണ സൺഷെയ്ഡിന്റെ ബാക്കി ഭാഗങ്ങൾകൂടി പൊളിച്ചുതുടങ്ങി.

കെട്ടിടത്തിന്റെ താഴത്തെനിലയിൽ ആറ് ഗോഡൗണുകളിലായി സാധനങ്ങൾ സ്റ്റോക്ക് ചെയ്തിട്ടുണ്ട്. പഞ്ചസാരയും വിവിധ ഭക്ഷ്യധാന്യങ്ങളും ബേക്കറി പലഹാരനിർമാണത്തിന് ആവശ്യമായ വിവിധ ധാന്യപ്പൊടികളുമാണ് ഗോഡൗണിലുള്ളത്. അപകടം നടന്ന ഫെബ്രുവരി 23-നുതന്നെ ഇവിടം പൂട്ടി സീൽചെയ്തിരുന്നു. ഈ ചരക്ക് പുറത്തേക്ക് എടുക്കുന്നതിന് അവശേഷിക്കുന്ന സൺഷെയ്ഡിന്റെ ബലക്ഷയം ആശങ്കയുണ്ടാക്കി.

ചരക്ക് മാറ്റിയാൽമാത്രമേ ഈ ഗോഡൗണുകൾകൂടി പൂട്ടി സീൽചെയ്യാനാകൂ. അതിനുവേണ്ടിയാണ് പൊളിഞ്ഞുതുടങ്ങിയ സൺഷെയ്ഡ് പൂർണമായി പൊളിക്കാൻ തുടങ്ങിയത്.

കോർപ്പറേഷൻ ജോയിന്റ് സെക്രട്ടറി പി. സോമശേഖരന്റെ നേതൃത്വത്തിൽ കോർപ്പറേഷൻ ഉദ്യോഗസ്ഥരും ഫയർഫോഴ്സും പോലീസും സ്ഥലത്ത് ക്യാമ്പ് ചെയ്താണ് കെട്ടിടം പൊളിക്കൽ ആരംഭിച്ചത്.

സൂപ്രണ്ടിങ് എൻജിനിയർ ബിജോയ്, അസി. എൻജിനിയർ ഡിറ്റോ ദാസ്, സൂപ്പർവൈസർ എം.എൽ. റിച്ചാർഡ്, റവന്യൂ ഇൻസ്പെക്ടർ ലിനീഷ് ബാബു തുടങ്ങിയവരും സ്ഥലത്തുണ്ടായിരുന്നു.

ലൈസൻസികളെ ഒഴിപ്പിച്ച ശേഷം കെട്ടിടം പൂർണമായും സീൽചെയ്യും. തുടർന്ന്, എസ്റ്റിമേറ്റ് തയ്യാറാക്കി അതിന് കൗൺസിലിന്റെ അംഗീകാരം നേടിയ ശേഷം കെട്ടിടംതന്നെ പൊളിക്കാനാണ് തീരുമാനം

Related Articles

Back to top button