‘അൻവറിനൊപ്പമുള്ളത് ശമ്പളക്കാർ; മമത ബാനർജിയെ കാണാൻ പിവി അൻവറിന് സാധിച്ചിട്ടില്ല’, തൃണമൂൽ വിട്ട് പ്രസീത അഴീക്കോട്

കോഴിക്കോട് : പി.വി അൻവറിനെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച്, തൃണമൂൽ കോൺഗ്രസിലെ എല്ലാ സ്ഥാനങ്ങളും രാജിവെച്ചൊഴിഞ്ഞ് സ്റ്റേറ്റ് കോർഡിനേറ്റർ പ്രസീത അഴീക്കോട്. കേരളത്തിലെ തൃണമൂൽ കോൺഗ്രസ് എന്ന പാർട്ടി പോലും പിവി അൻവർ ശമ്പളം കൊടുത്തു നിർത്തുന്ന ആൾക്കൂട്ടം മാത്രമാണെന്നും തൃണമൂൽ ദേശീയ നേതൃത്വത്തിന്റെ ഭാഗം ആണെന്ന് പറഞ്ഞ് ഒരു കൂട്ടം ആളുകളെ കബളിപ്പിച്ചെന്നും പ്രസീത അഴീക്കോട് ആരോപിച്ചു.
കേരളത്തിൽ ഏതു വിഭാഗമാണ് യഥാർത്ഥ തൃണമൂൽ എന്നതിൽ വ്യക്തത വരുത്താൻ ഇത് വരെ ദേശീയ നേതൃത്വത്തിനും കഴിഞ്ഞിട്ടില്ല. പി വി അൻവർ കൊൽക്കത്തയിൽ പോയെങ്കിലും മമതാ ബാനർജിയെ കാണാൻ പോലും സാധിച്ചിട്ടില്ല. ബേപ്പൂരിൽ തൃണമൂൽ ചിഹ്നത്തിൽ അൻവറിന് മത്സരിക്കാൻ കഴിയില്ല.
കേരളത്തിൽ ഇനിയും കൂടുതൽ പേർ രാജിവെക്കും. സിജി ഉണ്ണി വിഭാഗമാണോ പിവി അൻവർ വിഭാഗമാണോ യഥാർത്ഥ തൃണമൂൽ എന്നതിൽ ഇപ്പോഴും വ്യക്തത ഇല്ല. അൻവർ രാഷ്ട്രീയ ആവശ്യത്തിന് വേണ്ടി തൃണമൂൽ സംവിധാനത്തെ ഉപയോഗിക്കുകയായിരുന്നു. അൻവറിനെ മാത്രമാണ് യുഡിഎഫ് അസോസിയേറ്റ് മെമ്പർ ആക്കിയത്. പാർട്ടിയിൽ ചർച്ച ചെയ്യാതെ ആണ് അൻവർ ബേപ്പൂരിൽ മത്സരിക്കാൻ ഇറങ്ങുന്നതെന്നും പ്രസീത ആരോപിച്ചു. പരാതികൾ ഉന്നയിക്കുമ്പോൾ “ഇലക്ഷൻ കഴിയട്ടെ” എന്ന ഒഴുക്കൻ മറുപടിയാണ് അൻവർ നൽകുന്നതെന്നും പ്രസീത പറഞ്ഞു.





