
കോഴിക്കോട് : നാലുപേരുടെ മരണത്തിനിടയാക്കിയ വലിയങ്ങാടിയിലെ കെട്ടിടം തകർന്ന സംഭവത്തിൽ ചൊവ്വാഴ്ചയും കോർപ്പറേഷൻ അധികൃതർക്കുനേരേ ശക്തമായ പ്രതിഷേധമുയർന്നു. യു.ഡി.എഫ്. കൗൺസിലർമാർ കോർപ്പറേഷന്റെ പ്രവേശനകവാടത്തിൽ രാവിലെമുതൽ കുത്തിയിരുന്ന് മണിക്കൂറുകളോളം ഉപരോധം നടത്തി. ബി.ജെ.പി. പ്രവർത്തകർ കോർപ്പറേഷൻ ഓഫീസ് മാർച്ച് നടത്തി.
വലിയങ്ങാടി ദുരന്തത്തെക്കുറിച്ച് സിറ്റിങ് ജഡ്ജി അന്വേഷിക്കണം, മേയറുടെയും കോർപ്പറേഷൻ സെക്രട്ടറിയുടെയും പേരിൽ നരഹത്യക്ക് കേസെടുക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു യു.ഡി.എഫ്. ഉപരോധം. അപകടത്തിൽ മരിച്ചവരുടെ ആശ്രിതർക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണം, കെട്ടിടങ്ങൾക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിൽ കോർപ്പറേഷനിൽ നടക്കുന്ന പകൽക്കൊള്ള അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു ബി.ജെ.പി. മാർച്ച്. ഗേറ്റിനുപുറത്ത് പോലീസ് മാർച്ച് തടഞ്ഞു. ബാരിക്കേഡിനു മുകളിൽക്കയറി ബി.ജെ.പി. പ്രവർത്തകർ മുദ്രാവാക്യം മുഴക്കി. കോർപ്പറേഷൻവളപ്പിലേക്ക് ചാടിക്കടന്ന പ്രവർത്തകരും പോലീസുമായി ഉന്തും തള്ളുമുണ്ടായി. വനിതകളടക്കമുള്ള പ്രവർത്തകരെ പോലീസ് അറസ്റ്റുചെയ്തു.
ബി.ജെ.പി. മാർച്ച് സിറ്റി ജില്ലാ പ്രസിഡന്റ് കെ.പി. പ്രകാശ്ബാബു ഉദ്ഘാടനംചെയ്തു. മുൻ കൗൺസിലിന്റെ കാലത്തുതന്നെ കോർപ്പറേഷനിൽ കെട്ടിടനിർമാണവും അവയുടെ ബലം നിർണയിക്കലും സംബന്ധിച്ച് അഴിമതി നടക്കുന്നുണ്ടെന്നും മുൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദാണ് വൻ ക്രമക്കേടുകൾക്ക് നേതൃത്വം നൽകിയതെന്നും പ്രകാശ് ബാബു പറഞ്ഞു. കൗൺസിലർമാരായ നവ്യാ ഹരിദാസ്, നമ്പിടി നാരായണൻ, ഷിനു പിണ്ണാണത്ത്, ടി. റെനീഷ്, സരിത പറയേരി, ഇന്ദിരാകൃഷ്ണൻ, ബിന്ദു ഉദയകുമാർ, കെ.പി. അനിൽകുമാർ, ശ്രീജ സി. നായർ, എൻ. ശിവപ്രസാദ്, ജില്ലാ ജനറൽ സെക്രട്ടറി ടി.വി. ഉണ്ണികൃഷ്ണൻ, എം. സുരേഷ് തുടങ്ങിയവർ സംസാരിച്ചു. 30 ബി.ജെ.പി. പ്രവർത്തകർ അറസ്റ്റിലായി. ഇവരെ പിന്നീട് സ്റ്റേഷനിൽനിന്ന് ജാമ്യത്തിൽവിട്ടു.
യു.ഡി.എഫ്. കൗൺസിലർമാരുടെ ഉപരോധം മുഹമ്മദ് ഷെമീൽ തങ്ങൾ ഉദ്ഘാടനംചെയ്തു. കോർപ്പറേഷൻ അധികൃതരുടെയും ഉദ്യോഗസ്ഥരുടെയും കൊള്ളരുതായ്മകൾകാരണം വിലപ്പെട്ട നാലുജീവൻ ബലികൊടുക്കേണ്ടി വന്നുവെന്ന് തങ്ങൾ പറഞ്ഞു. മരിച്ചവരുടെ ആശ്രിതർക്ക് മേയർ പ്രഖ്യാപിച്ച ഒരുലക്ഷം രൂപ നഷ്ടപരിഹാരം തീർത്തും അപര്യാപ്തമാണ്. -അദ്ദേഹം ചൂണ്ടിക്കാട്ടി. സി.പി. സലിം അധ്യക്ഷത വഹിച്ചു. എസ്.കെ. അബൂബക്കർ, മനയ്ക്കൽ ശശി, കെ.സി. ശോഭിത, കെ. മൊയ്തീൻകോയ, ഷെറിൽ ബാബു തുടങ്ങിയവർ സംസാരിച്ചു.
ഉപരോധം നടത്തിയ കൗൺസിലർമാരായ ടി.പി.എം. ജിഷാൻ, സിദ്ദിഖ് മായനാട്, എസ്.വി. മുഹമ്മദ് ഷെമീൽ തങ്ങൾ, എസ്.കെ. അബൂബക്കർ, കെ.സി. ശോഭിത, സക്കീർ കിണാശ്ശേരി, എം.പി. മുനീർ എന്നിവരെയും ടൗൺ പോലീസ് ഒരുമണിയോടെ അറസ്റ്റുചെയ്ത് നീക്കി.





