India

നീറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കാൻ സമ്മർദ്ദം ചെലുത്തി; പിതാവിനെ കൊലപ്പെടുത്തി ശരീരഭാഗങ്ങൾ വെട്ടിനുറുക്കി മകൻ

Please complete the required fields.




ലഖ്നൗ: ഉത്തർപ്രദേശിലെ ലഖ്നൗവിൽ നീറ്റ് പരീക്ഷയ്ക്ക് സമ്മർദ്ദം ചെലുത്തിയ പിതാവിനെ വെടിവച്ച് കൊന്ന് മകൻ. പിന്നീട് തെളിവ് നശിപ്പിക്കാനായി പിതാവിൻ്റെ ശരീര ഭാഗങ്ങൾ വെട്ടിനുറുക്കി ഡ്രമ്മിലും മറ്റു പലയിടത്തുമായി ഉപേക്ഷിക്കുകയായിരുന്നു. ലഖ്‌നൗവിൽ മാനവേന്ദ്ര സിങ്ങിനെ ദാരുണമായി കൊലപ്പെടുത്തിയ കേസിൽ 21കാരനായ മകൻ അക്ഷത് പ്രതാപ് സിങ്ങിനെ അറസ്റ്റ് ചെയ്തതായി പൊലീസ് പറഞ്ഞു.

മകനുമായുള്ള ഭാവി കരിയർ സംബന്ധിച്ച തർക്കത്തിനൊടുവിൽ പിതാവിനെ വെടിവച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ശരീരഭാഗങ്ങൾ കഷ്ണങ്ങളാക്കി തെളിവ് നശിപ്പിക്കാനും യുവാവ് ശ്രമിച്ചു. ഫാർമസ്യൂട്ടിക്കൽ, മദ്യ വ്യാപാരം തുടങ്ങിയ മേഖലകളിൽ ബിസിനസ് നടത്തിയിരുന്ന 49കാരനായ മാനവേന്ദ്ര സിങ്ങിനെ വെള്ളിയാഴ്ച മുതൽ കാണാനില്ലായിരുന്നു.
വീട്ടിലെ ഒരു വീപ്പയിൽ നിന്ന് ചില ശരീരഭാഗങ്ങൾ കണ്ടെത്തിയതിനെ തുടർന്ന് മകൻ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോഴാണ് സംഭവകഥ ചുരുളഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനൊടുവിൽ കൊലപാതകം നടത്തിയതായും മൃതദേഹം മറവു ചെയ്തതായും അക്ഷത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

തൻ്റെ മകനെ നീറ്റ് മത്സര പരീക്ഷ എഴുതിപ്പിക്കണമെന്നും മെഡിക്കൽ കരിയർ പിന്തുടരണമെന്നും മാനവേന്ദ്ര സിങ് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാൽ മകൻ അതിനെ എതിർത്തു. ഇതിൻ്റെ പേരിൽ ഇരുവരും തമ്മിൽ ഇടയ്ക്കിടെ തർക്കങ്ങൾ ഉണ്ടാകാറുണ്ടായിരുന്നു. കൂടാതെ ഇതിൻ്റെ പേരിൽ യുവാവ് ഒരിക്കൽ വീട്ടിൽ നിന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു.വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ പിതാവും മകനും തമ്മിൽ വീണ്ടും ഒരു തർക്കമുണ്ടായി. തുടർന്ന് അക്ഷത് തൻ്റെ പിതാവിനെ തോക്കുപയോഗിച്ച് വെടിവച്ചു. തുടർന്ന് മൃതദേഹം മൂന്നാം നിലയിൽ നിന്ന് താഴത്തെ നിലയിലേക്ക് കൊണ്ടുപോവുകയും, ഒഴിഞ്ഞ മുറിയിൽ വച്ച് കഷ്ണങ്ങളാക്കുകയും ചെയ്തു.

സഹോദരി അക്ഷതിനെ കണ്ടപ്പോൾ അവളെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി. തുടർന്ന് അയാൾ സഹോദരിയുടെ മുന്നിൽ വച്ച് മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുന്നത് തുടർന്നു. ശരീരഭാഗങ്ങൾ പ്ലാസ്റ്റിക്കിൽ പൊതിഞ്ഞു. ശേഷം ചിലത് സദരുണയ്ക്ക് സമീപം ഉപേക്ഷിച്ചു. ഏതാനും ചില ശരീര ഭാഗങ്ങൾ വീടിനുള്ളിൽ സൂക്ഷിച്ചിരുന്ന നീല ഡ്രമ്മിൽ ഇട്ടു.പ്രതി കുറ്റസമ്മതം നടത്തിയതിന് ശേഷം പൊലീസ് ഫോറൻസിക് സംഘത്തെ വിളിച്ചുവരുത്തി. അവർ വീട്ടിൽ നിന്ന് സാമ്പിളുകൾ ശേഖരിച്ചു. കൂടുതൽ ശരീരഭാഗങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കോടതിയിൽ ഹാജരാക്കിയ അക്ഷതിനെ വിശദമായ അന്വേഷണം നടത്താനായി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

Related Articles

Back to top button