
കോഴിക്കോട് : സൈബർ വിദഗ്ധൻ പി. വിനോദ് ഭട്ടതിരിപ്പാടിന്റെ തിരുത്തിയാടുള്ള വീട്ടിൽ പട്ടാപ്പകൽ സ്വർണക്കവർച്ച നടത്തിയ മോഷ്ടാവിനെ തിരിച്ചറിഞ്ഞു.
കർണാടകയിലെ ചിക്കമംഗലൂർ കൊപ്പ സ്വദേശി അനിൽകുമാർ(35) ആണ് മോഷണം നടത്തിയത്. മോഷണം നടന്ന വീട്ടിൽനിന്ന് കിട്ടിയ തെളിവുകളും സി.സി.ടി.വി. ദൃശ്യങ്ങളും പരിശോധിച്ചാണ് മോഷ്ടാവിനെ അന്വേഷണസംഘം തിരിച്ചറിഞ്ഞത്.
കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെ കഴിഞ്ഞ ജനുവരി അഞ്ചിനാണ് അനിൽകുമാർ ജാമ്യംനേടി പുറത്തിറങ്ങിയത്. നാലുദിവസമായി ഇയാൾക്കുവേണ്ടി നടക്കാവ് പോലീസ് കർണാടകയിൽ തിരച്ചിൽ നടത്തി. വീടോ സ്ഥിരമായ താമസസ്ഥലമോ ഇയാൾക്കില്ല. കർണാടക പോലീസിന്റെ സഹായത്തോടെ പലയിടങ്ങളിലും തിരച്ചിൽ തുടർന്നെങ്കിലും പിടികൂടാൻ കഴിയാതെ അന്വേഷണ ഉദ്യോഗസ്ഥർ തിരിച്ചുവരുകയായിരുന്നു. കേരളത്തിൽ ഒട്ടേറെ മോഷണക്കേസുകളിൽ പ്രതിയാണ് ഇയാൾ.പതിനെട്ടരപ്പവൻ സ്വർണാഭരണങ്ങളാണ് അഴകൊടി ക്ഷേത്രത്തിന് സമീപമുള്ള പൊൽപ്പായമനയിൽനിന്ന് കവർച്ചചെയ്തത്.





