
കോഴിക്കോട് : നവീകരണം നടക്കുന്ന വെള്ളിമാടുകുന്ന്-മാനാഞ്ചിറ റോഡിന്റെ അരികിലൂടെ സഞ്ചരിച്ച സ്കൂട്ടർ യാത്രക്കാരൻ നിയന്ത്രണംവിട്ട് ഓടയിലേക്ക് വീണു. ബാരിക്കേഡുകളോ സൂചനാബോർഡുകളോ ഇല്ലാത്ത ഈ റോഡിലെ ഓടയിൽ വീണയാൾ തലനാരിഴയ്ക്കാണ് വൻദുരന്തത്തിൽനിന്ന് രക്ഷപ്പെട്ടത്. എരഞ്ഞിപ്പാലത്തുനിന്ന് സിവിൽ സ്റ്റേഷൻ ഭാഗത്തേക്കുള്ള റോഡിൽ മാരുതി ട്രൂ വാല്യു ഡ്രൈവിങ് സ്കൂളിന് മുന്നിൽവെച്ച് ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം.
അരയിടത്തുപാലം ജങ്ഷനിൽനിന്ന് സിവിൽ സ്റ്റേഷൻ ഭാഗത്തേക്ക് പോവുകയായിരുന്ന ഒളവണ്ണ സ്വദേശി നിസാറാണ് ഓടയിലേക്ക് തെറിച്ചുവീണത്. നിസാർ സഞ്ചരിച്ച ബൈക്കിനെ ഒരു കാർ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അരികിലേക്ക് മാറാൻശ്രമിച്ചപ്പോഴാണ് നിസാർ വീണത്. പുതിയതായി ടാർചെയ്ത ഇവിടത്തെ റോഡിൽ മണൽ പരന്നുകിടന്നത് ബൈക്കിന്റെ നിയന്ത്രണം തെറ്റിച്ചു. ഓടയുടെ പുറത്തേക്ക് ഉയർന്നുനിന്നിരുന്ന അനേകം കമ്പികളിൽ നിസാറിന്റെ തലയോ മറ്റ് ശരീരഭാഗങ്ങളോ തറയ്ക്കാതിരുന്നതാണ് രക്ഷയായത്. കോൺക്രീറ്റിൽ ഉരസി ശരീരത്തിൽ പരിക്കേറ്റിട്ടുണ്ട്. ഹെൽമറ്റ് ധരിച്ചതാണ് അപകടത്തിന്റെ ഗൗരവം കുറച്ചത്. മാനാഞ്ചിറ-മലാപ്പറമ്പ് റോഡിൽ നിർമാണം നടക്കുന്ന പലഭാഗത്തെയും ഓടകൾ ഇത്തരത്തിൽ വൻ അപകടഭീഷണി ഉയർത്തിയുള്ളതാണ്. ഈ റോഡിൽ ടാറിങ് പ്രവൃത്തി പുരോഗമിക്കുന്നതിനാൽ മൊത്തം വീതിയുടെ പകുതിഭാഗത്തുകൂടിയാണ് ഇപ്പോൾ ഇരുദിശകളിലേക്കുമുള്ള വാഹനങ്ങൾ പോകുന്നത്. ഇതോടെ കാൽനടയാത്രക്കാർക്ക് നടക്കാൻ സ്ഥലമില്ലാതായി.
പ്രദേശത്ത് സുരക്ഷമാനദണ്ഡങ്ങൾ പാലിക്കാതെയാണ് നിർമാണപ്രവർത്തനമെന്ന് വാർഡ് കൗൺസിലർ കെ.സി. ശോഭിത ആരോപിച്ചു. മുഖ്യമന്ത്രിക്കും പൊതുമരാമത്ത് മന്ത്രിക്കും നിവേദനം നൽകുമെന്ന് കൗൺസിലർ പറഞ്ഞു.





