രാഷ്ട്രപതി ഭവനിലെ വിരുന്ന്: അസമിലെ പരമ്പരാഗത ഷോൾ ധരിച്ചില്ല; രാഹുൽ ഗാന്ധിക്കെതിരെ വസ്ത്രധാരണ വിവാദം

ദില്ലി: റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്ട്രപതി ഭവനിൽ നടന്ന ‘അറ്റ് ഹോം’ വിരുന്നിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസ്ത്രധാരണത്തെച്ചൊല്ലി രാഷ്ട്രീയ വിവാദം പുകയുന്നു. വിരുന്നിൽ പങ്കെടുക്കാനെത്തിയ അതിഥികൾക്കെല്ലാം അസമിലെ പരമ്പരാഗത ഷോളായ ‘പട്ക’ നൽകിയിരുന്നു. എന്നാൽ മറ്റ് പ്രമുഖരെല്ലാം ഇത് ധരിച്ചപ്പോൾ രാഹുൽ ഗാന്ധി ഇത് ധരിക്കാൻ തയ്യാറാകാത്തതാണ് പുതിയ വിവാദത്തിന് വഴിവെച്ചത്.
രാഷ്ട്രപതി ഒന്നിലധികം തവണ പട്ക ധരിക്കാൻ രാഹുൽ ഗാന്ധിയെ ഓർമ്മിപ്പിച്ചെങ്കിലും രാഹുൽ അത് അനുസരിച്ചില്ലെന്നാണ് ബി ജെ പി കുറ്റപ്പെടുത്തുന്നത്. പ്രധാനമന്ത്രിയും യൂറോപ്പ്യൻ യൂണിയൻ നേതാക്കളും വിദേശ പ്രതിനിധികളും മറ്റ് മന്ത്രിമാരും ഉൾപ്പെടെയുള്ളവർ ചടങ്ങിൽ നൽകിയ ഷോൾ ധരിച്ചപ്പോഴാണ് രാഹുൽ ഗാന്ധി വിട്ടു നിന്നതെന്ന് ബി ജെ പി വക്താവ് അമിത് മാളവ്യ ആരോപിച്ചു. എന്നാൽ രാഹുൽ ഗാന്ധി ഷോൾ ധരിച്ചിരുന്നവെന്നും ഭക്ഷണം കഴിക്കുന്ന നേരം മാത്രമാണ് ഷോൾ മാറ്റിവെച്ചതെന്നുമാണ് കോൺഗ്രസ് വാദം.





