
കൂരാച്ചുണ്ട് : പഞ്ചായത്തിൽ വിളനശിപ്പിക്കാനെത്തുന്ന കാട്ടുപന്നികളെ വെടിവെച്ചുകൊല്ലുന്ന നടപടി തുടരുന്നു. കഴിഞ്ഞദിവസം രാവിലെമുതൽ നടന്ന ഓപ്പറേഷനിൽ ജനവാസമേഖലയിലെ കൃഷിയിടത്തിൽനിന്ന് 13 പന്നികളെയാണ് വെടിവെച്ചുകൊന്നത്. കർഷകർക്കും നാട്ടുകാർക്കും ശല്യമായിമാറിയ കാട്ടുപന്നികളെ മാസ് കാംപെയ്‌നിലൂടെ വെടിവെച്ചുകൊല്ലാനുള്ള ദൗത്യം ജനുവരി പതിനൊന്നിനാണ് തുടങ്ങിയത്. പതിനാറ് പന്നികളെയാണ് അന്ന് വെടിവെച്ചുകൊന്നിരുന്നത്.
പഞ്ചായത്തിൽ രൂക്ഷമായ കാട്ടുപന്നിശല്യം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഒന്ന്, രണ്ട്, മൂന്ന് വാർഡുകളിൽപ്പെട്ട ഭാഗങ്ങളിൽ കിഫ ഷൂട്ടേഴ്‌സ് ആൻഡ് ആർച്ചറി ക്ലബ്ബിന്റെ നേതൃത്വത്തിൽ 30 അംഗ ടീം നടത്തിയ വേട്ടയിൽ കാട്ടുപന്നികളെ കൊല്ലുകയും ജഡങ്ങൾ ശാസ്ത്രീയമായി സംസ്കരിക്കുകയുംചെയ്തു. നാട്ടിൻപുറത്തെ കാടുകളിൽ തങ്ങി രാത്രിയിൽ കൃഷിയിടത്തിലിറങ്ങി വിളനശിപ്പിക്കുകയും വാഹനയാത്രക്കാർക്ക് ഭീഷണിയായിമാറുകയുംചെയ്ത പരമാവധി പന്നികളെ വേട്ടയാടുകയാണ് പഞ്ചായത്തിന്റെ ലക്ഷ്യം.
ആധുനികസംവിധാനങ്ങളും വേട്ടനായ്ക്കളെയും ഉപയോഗിച്ച് സ്വകാര്യഭൂമിയിലെ കാടിളക്കിയാണ് ഷൂട്ടിങ് നടത്തുന്നത്. കാട്ടുപന്നികളെ നശിപ്പിക്കുന്നതിന്റെ ഓണറേറിയവും സംസ്കരിക്കാനുള്ള ചെലവും പഞ്ചായത്ത് ഫണ്ടിൽനിന്ന് അനുവദിക്കും.
കിഫ ഷൂട്ടേഴ്‌സ് ക്ലബ് കോഡിനേറ്റർ ടെന്നി ഫ്രാൻസിസ്, രാജേഷ് ജെയിംസ്, പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ, വൈസ് പ്രസിഡന്റ് ബിജു കടലാശ്ശേരി, രണ്ടാം വാർഡംഗം എൻ.ജെ. ആൻസമ്മ, മൂന്നാം വാർഡംഗം ചെറിയാൻ മാസ്റ്റർ അറക്കൽ എന്നിവർ നേതൃത്വംനൽകി. കാട്ടുപന്നിശല്യമുള്ള പഞ്ചായത്തിന്റെ മറ്റുവാർഡുകളിലും വരുംദിവസങ്ങളിൽ കാട്ടുപന്നിവേട്ട നടത്തുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് സിനി ജിനോ അറിയിച്ചു.





