
ചെന്നൈ: ഐസ്ക്രീം കഴിക്കുന്നവരുടെ ലോകത്തിലെ ഏറ്റവും നീളമേറിയ മനുഷ്യച്ചങ്ങല തീർത്ത് അരുൺ ഐസ്ക്രീംസ് ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.ചെന്നൈയിൽ നടന്ന പരിപാടിയിൽ 4,008 കുട്ടികളാണ് അണിനിരന്നത്. പങ്കെടുക്കുന്നവർ കൈകോർത്ത് പിടിച്ച് വലതുവശത്തുള്ള ആൾക്ക് ഐസ്ക്രീം നൽകിക്കൊണ്ട് ഒരു മിനിറ്റ് തുടർച്ചയായി ഐസ്ക്രീം കഴിച്ചാണ് ഈ നേട്ടം കൈവരിച്ചത്. 15 വർഷം മുമ്പ് 2,500 വിദ്യാർത്ഥികൾ സ്ഥാപിച്ച റെക്കോർഡാണ് ഇതോടെ തിരുത്തപ്പെട്ടത്.
യുകെയിൽ നിന്നുള്ള റിച്ചാർഡ് വില്യം സ്റ്റെന്നിംഗ്, പൂനെയിൽ നിന്നുള്ള മിലിന്ദ് വെർലേക്കർ എന്നിവരടങ്ങുന്ന ഗിന്നസ് വേൾഡ് റെക്കോർഡ് സംഘം ഈ നേട്ടം ഔദ്യോഗികമായി അംഗീകരിച്ചു.
ഹാറ്റ്സൺ അഗ്രോ പ്രോഡക്റ്റ് ലിമിറ്റഡ് വൈസ് ചെയർമാൻ സി. സത്യൻ സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. ചെന്നൈയിലെ പ്രമുഖ വിദ്യാലയങ്ങളിലെ കുട്ടികളാണ് ഈ ചരിത്രപരമായ റെക്കോർഡ് സൃഷ്ടിക്കുന്നതിൽ പങ്കാളികളായത്.





